| Monday, 13th November 2017, 6:25 pm

ദേവസ്വം ബോര്‍ഡ് കാലാവധി: ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി.

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയായിരുന്നു അംഗീകാരം നല്‍കിയത്. മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കാലാവധി കുറച്ചത്. ഇതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയെന്നാണ് വിവരം.

പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും അംഗമായ ബോര്‍ഡ്, രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് മൂന്നുവര്‍ഷ കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ഇതോടെ ബോര്‍ഡിന്റെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ തന്റെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

കുടുംബത്തില്‍ പിറന്ന, ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്ന് പ്രയാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സ് തള്ളണമെന്ന നിലപാടിലാണ് കോണ്‍ഗ്രസും ബിജെപിയും.

We use cookies to give you the best possible experience. Learn more