തിരുവനന്തപുരം: അരളിപ്പൂവിന് താത്കാലികമായി വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അടുത്തിടെ കൊച്ചി വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹരിപ്പാട് സ്വദേശിയായ സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവ് കഴിച്ചതാണെന്ന സംശയത്തിന് പിന്നാലെയാണ് പ്രതികരണം.
അരളിപ്പൂവാണ് മരണത്തിന്റെ കാരണമെന്ന് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ആധികാരികമായി റിപ്പോര്‍ട്ട് വന്നിട്ടില്ല. മരണകാരണം അതാണെങ്കില്‍ അരളിപ്പൂവ് നിരോധിക്കുന്നത് ഗൗരവകരമായി ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രതികരിച്ചു. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ഇന്ന് ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു. ക്ഷേത്രത്തിലെ പ്രസാദങ്ങളിലടക്കം അരളിപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.
അതേസമയം ഗുരുവായൂര്‍ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ നേരത്തെ അരളിപ്പൂവിന്റെ ഉപയോഗം നിര്‍ത്തിയിരുന്നു. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍ ഇത് ഉപയോഗിച്ച് വരുന്നുമുണ്ട്.
യു.കെയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സൂര്യ കുഴഞ്ഞുവീണ് മരിച്ചത്. അയല്‍വാസികളോട് യാത്ര പറയുന്നതിനിടെ അശ്രദ്ധമായി അരളിപ്പൂവ് കഴിക്കുകയും വിഴുങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു.
അരളിയുടെ എല്ലാം ഭാഗങ്ങളും വിഷാംശം ഉള്ളതാണെന്നും ശരീരത്തിന് ഉള്ളില്‍ ചെന്നാല്‍ ഹൃദയത്തെ നേരിട്ട് ബാധിക്കുമെന്നും സൂര്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. ഷരീജ ജയപ്രകാശ് സൂചിപ്പിച്ചിരുന്നു.
Content Highlight: Travancore Devaswom says does not ban Aralipoo