|

ആര്‍.എസ്.എസ് പരിശീലത്തിനൊപ്പം ഒറ്റ നിറത്തിലുള്ള കൊടികളും നാമജപഘോഷവും ക്ഷേത്രങ്ങളില്‍ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ആയുധ പരിശീലത്തിനുള്ള നിരോധനത്തിനൊപ്പം തന്നെ ഒറ്റ നിറത്തിലുള്ള കൊടികളുടെ ഉപയോഗത്തിനും നാമജപഘോഷമെന്ന പേരില്‍ നടത്തുന്ന തീവ്ര സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും വിലക്ക്. തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ഫ്ളക്സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സാമുദായിക സംഘടനകളുടെയും ചിഹ്നങ്ങള്‍ എന്നിവയും ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് നേരത്തെ ഇറക്കിയിട്ടുള്ള ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് ക്ഷേത്ര കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.

മുന്‍പ് രണ്ടു തവണ തീവ്ര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുതവണ സര്‍ക്കുലര്‍ ഇറക്കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് ദേവസ്വം കമ്മീഷണര്‍ വീണ്ടും സര്‍ക്കുലര്‍ നല്‍കിയത്.

ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും ‘നാമജപഘോഷ’മെന്ന പേരില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ നിരോധിച്ചു. ഇതില്‍ ദേവസ്വം ഉപദേശക സമിതി അംഗങ്ങള്‍ നടത്തുന്ന നാമജപ ഘോഷങ്ങളും ഉള്‍പ്പെടും.

ക്ഷേത്ര പരിസരങ്ങളില്‍ ആര്‍.എസ്.എസും , തീവ്രാശ്രയ പ്രചാരണം നടത്തുന്ന സംഘടനകളുടെ ശാഖകളും, കൂട്ടായ്മകളും നടത്തുന്ന ആയുധ പരിശീലന കളരികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനായി രാത്രികാലങ്ങളില്‍ ക്ഷേത്രപരിസരത്ത് ദേവസ്വം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം.
അങ്ങനെ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശാന്തിക്കാര്‍ ഉള്‍പ്പെടെ ക്ഷേത്ര ജീവനക്കാര്‍ മേലുദ്യോഗസ്ഥരെ അറിയിക്കണം.

ക്ഷേത്ര ഉപദേശക സമിതിയുടെ ഓഫീസില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി നീക്കം ചെയ്യാനും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്നതിനും പവിത്രത നിലനിര്‍ത്തുന്നതിനുള്ള പരമാധികാരം ദേവസ്വംബോര്‍ഡിന് മാത്രമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

Content Highlight: Travancore Devaswom Board new circular