| Saturday, 21st July 2018, 4:04 pm

ശബരിമല സ്ത്രീപ്രവേശനം: നയരൂപീകരണത്തില്‍ തീരുമാനമാകാതെ ദേവസ്വം ബോര്‍ഡ്

ജിതിന്‍ ടി പി

ബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് നയം രൂപീകരിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ആശയക്കുഴപ്പത്തില്‍. മൗലികാവകാശത്തെയും ആചാരങ്ങളേയും ഒരുപോലെ പരിഗണിക്കണമെന്നതിനാല്‍ എം. പത്മകുമാറിന്റെ അധ്യക്ഷതയിലുള്ള പുതിയ ബോര്‍ഡിന്റെ നയം സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായിരിക്കുമോ എന്നത് ചര്‍ച്ചാവിഷയമാണ്. പുരോഗമനപരമായ നിലപാട് ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ മൗലികാവകാശത്തെയും ലിംഗസമത്വത്തെയും ആധാരമാക്കിയാണ് സ്ത്രീപ്രവേശനത്തെ അംഗീകരിക്കുന്നതെന്നും തങ്ങള്‍ക്ക് ആചാരത്തെ കൂടി മാനദണ്ഡമാക്കിയെ നിലപാടെടുക്കാനാവൂ എന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ. പത്മകുമാര്‍ പറയുന്നത്.

ALSO READ: 377ന് ശേഷമുള്ള ‘ഗേ’ ജീവിതം: കിഷോര്‍ കുമാര്‍ സംസാരിക്കുന്നു

സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത നിലപാട് സ്വീകരിച്ചതിനെയും അദ്ദേഹം ന്യായീകരിക്കുന്നു.

എ. പത്മകുമാര്‍

” ആചാരവും വിശ്വാസവും കണക്കിലെടുക്കുമ്പോള്‍ ഈ നിലപാടാണ് കൈക്കൊള്ളാന്‍ കഴിയുക. പന്തളം കൊട്ടാരത്തിന്റെ നിലപാട് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം”

നേരത്തെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി നിരീക്ഷണമുണ്ടായപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുമാറ്റം വാര്‍ത്തയായിരുന്നു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ പറഞ്ഞത്.

കടകംപള്ളി സുരേന്ദ്രന്‍

എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു. ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം വിഷയത്തില്‍ പന്തളം രാജകുടുംബവും സര്‍ക്കാരിന് എതിരാണ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് മാത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടേയും നിലപാടാണ് പ്രധാനമെന്നുമായിരുന്നു രാജകുടുംബത്തിന്റെ പ്രതികരണം.

ALSO READ: എസ്. ഹരീഷിനെതിരായ ആക്രമണവാര്‍ത്ത മുക്കിയ മാതൃഭൂമിക്ക് “മീശ” പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസ്

സുപ്രീംകോടതിയില്‍ അവതരിപ്പിച്ച നിലപാടിനെ പ്രസിഡന്റ് ന്യായീകരിക്കുമ്പോള്‍ തന്നെ ഈ നിലപാട് പുതിയ ബോര്‍ഡിന്റേതല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. അത് യു.ഡി.എഫ്. സര്‍ക്കാരിന്റെകാലത്ത് നിയമിച്ചവരുടെ നിലപാടാണ്. ഇത് കോടതിയെ അറിയിക്കുന്നതിനുമുമ്പ് ചര്‍ച്ച നടന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം സ്ത്രീപ്രവേശനത്തെ എന്തുവന്നാലും എതിര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും പിന്നീട് അതേ അഭിഭാഷകന്‍ തന്നെ വീണ്ടും തിരിച്ചുപറയുകയും ചെയ്യുന്നത് അസാധ്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു. തന്നെ പിടിച്ച് അകത്താക്കിയാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രയാര്‍ ഗോപാലകൃഷ്ണന്‍

“”എന്നെ പിടിച്ച് അകത്താക്കിയാലും ഐ ആം ഫുള്ളി എഗെയ്ന്‍സ്റ്റ് ദാറ്റ്. സ്ത്രീ പ്രവേശനം വേണ്ട എന്നു തന്നെയാണ് നിലപാട്. പുതിയ വക്കീലിനെ വച്ച് വാദിക്കാനുള്ള കാശില്ല. ജല്ലിക്കെട്ട് പോലെ പെണ്ണുങ്ങളെ എല്ലാമിറക്കി ശബരിമലയില്‍ കേറുന്നതിനെതിരെ ഒരു മൂവ്‌മെന്റ് ഉണ്ടാക്കുവായിരുന്നു. ജല്ലിക്കെട്ടിലും അതുപോലെയാണ് സംഭവിച്ചത്. പക്ഷെ എനിക്ക് അതിനുള്ള ഫൈനാന്‍സ് ഇല്ല.”– അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ALSO READ: മോദി വിശ്വാസം നേടി, രാഹുല്‍ ആത്മവിശ്വാസവും; ദേശീയ മാധ്യമ തലക്കെട്ടുകളിലൂടെ..

പുതിയ സത്യവാങ്മൂലം നല്‍കാനുള്ള സാധ്യത ആരായണമെന്നും അനിവാര്യമെങ്കില്‍ അഭിഭാഷകനെ മാറ്റണമെന്നുമാണ് ദേവസ്വം ബോര്‍ഡില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. സര്‍ക്കാരും കോടതിയും ഒരേനിലപാട് സ്വീകരിക്കുമ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആചാരത്തിന്റെ പ്രശ്നം വരുമ്പോള്‍ ബോര്‍ഡിന് മറ്റൊരു നിലപാട് സ്വീകരിക്കാനാവുമോ എന്നകാര്യത്തില്‍ ഇവര്‍ക്കും സംശയമുണ്ട്.

പുരുഷന്‍മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more