വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികളെ കുരുക്കിലാക്കി ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടി
Kerala
വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികളെ കുരുക്കിലാക്കി ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2013, 12:39 pm

കോഴിക്കോട്:  ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികളെ  കുരുക്കിലാക്കി ബാങ്ക് അധികൃതരുടെ നടപടി.  വിദ്യാഭ്യാസ വായ്പയെടുത്ത കുടുംബങ്ങള്‍ ബാങ്കുകളുടെ റവന്യു റിക്കവറി നടപടികളും, ജപ്തി ഭീഷണിയും നേരിടുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.[]

സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശയിളവ് നടപ്പില്‍ വരാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ ഭീഷണിയുമായി എത്തുമ്പോള്‍ നിരവധി കുടുംബങ്ങള്‍ ആശങ്കയിലാണ്.

സംസ്ഥാനത്ത് നാലുലക്ഷത്തിലധികം പേര്‍ വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 14.17 ശതമാനമാണ് വിദ്യാഭാസ വായ്പയുടെ പലിശ.

പഠനകാലത്തിനു ശേഷം  ജോലി ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് തിരിച്ചടവ് തുടങ്ങേണ്ടതെങ്കിലും പഠനകാലയളവില്‍ തന്നെ പലിശ അടക്കണമെന്ന് കാണിച്ച് ബാങ്കുകള്‍ നോട്ടീസ് അയച്ച് തുടങ്ങും.

ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്ദ്യാര്‍ത്ഥികളാണ് വായ്പ അടക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നത്. കോഴ്‌സിന്റെ കാലാവധി നീളുന്നതും, അനുബന്ധ പഠന കാര്യങ്ങല്‍ വൈകുന്നതിനാലും ഇവര്‍ക്ക് ഭീമമായ പലിശയാണ്  പിന്നീട് അടക്കേണ്ടി വരുന്നത്.

ജോലി ലഭിച്ചില്ലെങ്കിലും സമയപരിധി കഴിഞ്ഞാല്‍ പലിശയടക്കം വായ്പാ തുകയുടെ ഇരട്ടി തുക  അടക്കേണ്ട അവസ്ഥയിലാണ് മിക്ക വിദ്യാര്‍ത്ഥികളും നേരിടുന്നത്.

ബിപിഎല്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പയുടെ പലിശ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.

മന്ത്രിമാരും എംപിമാരും വിദ്യാഭ്യാസ വായ്പ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മാറി മാറി നടത്താറുണ്ടെങ്കിലും ബാങ്കുകള്‍ റിക്കവറി നടപടികളുമായി മുന്നോട്ട് പോകുകയാണ്. വിദ്യാഭ്യാസ വായ്പക്ക് ഭീമമായ തുക പലിശയായി അടക്കേണ്ട സാഹചര്യത്തില്‍ പലിശ നാല് ശതമാനമാക്കി കുറക്കാനുള്ള ആവശ്യവും ശക്തമാണ്.