ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ കെണിയിലാക്കി അവരുടെ ജീവിതം നശിപ്പിക്കുന്ന ഹിന്ദു യുവാക്കള്‍ക്ക് സുരക്ഷയും തൊഴിലും ഉറപ്പാക്കുമെന്ന് തീവ്ര വലതുപക്ഷ സംഘടനയായ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്. ഇത് ലൗ ജിഹാദിനെതിരായ പ്രത്യാക്രമണമാണെന്നും മുത്തലിഖ് പറഞ്ഞു. കര്‍ണാടകയിലെ ബഗല്‍ക്കോട്ടില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മുത്തലിഖിന്റെ വിവാദ പരാമര്‍ശം.
നിരവധി ഹിന്ദു സ്ത്രീകള്‍ ലൗ ജിഹാദിന് ഇരയാകുകയാണെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുത്തലിഖ് പറഞ്ഞു.
രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ച് ഹിന്ദുക്കള്‍ പൂര്‍ണമായി ബോധവാന്മാരായിരിക്കണം. ഇതിനായി യുവാക്കളുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുകയാണ്. ഒരു ഹിന്ദു സ്ത്രീയെ മുസ്‌ലിം യുവാവ് കടത്തിയാല്‍ പകരം പത്ത് മുസ്‌ലിം സ്ത്രീകളെ നമ്മള്‍ കെണിയിലാക്കണം. നിങ്ങള്‍ക്കത് ചെയ്യാനായാല്‍ ശ്രീരാമ സേന നിങ്ങളെ സംരക്ഷിക്കും. നിങ്ങള്‍ക്കാവശ്യമായ തൊഴിലും ജീവിതവും ഞങ്ങള്‍ നല്‍കും, മുത്തലിഖ് പറയുന്നു.
ഉഡുപ്പി ജില്ലയില്‍ നിന്നും വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രമോദ് മുത്തലിഖ് സൂചിപ്പിച്ചിരുന്നു. അതേസമയം ബി.ജെ.പിയുടെ പൊള്ളയായ ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ വിജയങ്ങളിലേക്കെത്താന്‍ സാധിച്ചേനേയെന്നും എന്നാല്‍ താന്‍ ഹിന്ദുത്വത്തിന്റെ വേരുകളില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്നും മുത്തലിഖ് പറഞ്ഞു.
മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദു രാഷ്ട്രമുണ്ടാകില്ലെന്നും അതിന് മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നുമാണ് ഇയാള്‍ പറയുന്നത്.
‘ഇന്ത്യ ആദ്യം ഹിന്ദു രാഷ്ട്രമായിരുന്നു. പിന്നീട് മുസ്‌ലിങ്ങള്‍ ഭരിച്ചപ്പോള്‍ അവര്‍ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിച്ചു. അതേ രീതി തന്നെ ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കളും പിന്തുടരണം.
ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദു രാഷ്ട്രമുണ്ടാകില്ല. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം അസാധ്യമാണ്,’ ബജ്രംഗ് മുനി പറഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ കാലതാമസമില്ലെന്ന പരാമര്‍ശവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. ഹിന്ദുത്വത്തെ കുറിച്ച് അഭിമാനത്തോടെ എല്ലാവരും ഒരുപോലെ സംസാരിക്കുന്ന ഇന്ത്യയാണ് വിദേശികളുടെ സ്വപ്നമെന്നും ശാസ്ത്രി പറഞ്ഞു. അവര്‍ ക്രിസ്ത്യന്‍ മതാചാരങ്ങളെ പിന്‍പറ്റുന്നവരാണെങ്കിലും സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Trap 10 muslim women if one hindu girl gets trapped in muslim’s love says pramod muthalik