തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരെ വോട്ടു രേഖപ്പെടുത്താനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തിലെത്തിക്കുന്ന രീതി ഇനി വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി സര്‍ക്കാര്‍ ചിലവില്‍ സംവിധാനമൊരുക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായത്താല്‍ ബൂത്തിലെത്തുന്നവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാന്‍ കഴിയില്ല. കൂടാതെ വോട്ടു രേഖപ്പെടുത്തിയശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിലരെ വഴിയില്‍ ഉപേക്ഷിക്കുന്ന സമീപനവുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഭിന്നശേഷിക്കാര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നത്.
ഇവരെ സര്‍ക്കാര്‍ ചിലവില്‍ ബൂത്തിലെത്തിച്ച് വോട്ടു രേഖപ്പെടുത്തിയശേഷം തിരിച്ചു വീട്ടിലെത്തിക്കും. ഇതിനായി വാഹനങ്ങള്‍ ഉള്‍പ്പെടെ ക്രമീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സാമൂഹ്യ നീതി വകുപ്പാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. 135753 ഭിന്നശേഷി വോട്ടര്‍മാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. അടുത്തടുത്ത നാലോ അഞ്ചോ പോളിങ് സ്‌റ്റേഷന്‍ പരിധിയിലുള്ളവരെ ഒരുമിച്ച് വോട്ടിങ് കേന്ദ്രത്തിലെത്തിക്കും. ഇതിനായി കൂടുതലും സര്‍ക്കാര്‍ വാഹനങ്ങളാണ് ഉപയോഗിക്കുക. വലിയ വാഹനങ്ങള്‍ പോകാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ സജീകരിക്കും. ഇതിനുള്ള പണം സി.ഡി.പി.ഒ മുഖേന നല്‍കും.
സാമൂഹിക നീതി വകുപ്പിലെ ജില്ലാ ഓഫീസര്‍മാര്‍, വനിത ശിശുവികസന വകുപ്പിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല. ബൂത്ത് ലെവര്‍ ഓഫീസര്‍മാരില്‍ നിന്നും അതത് പ്രദേശത്തെ ഭിന്നശേഷിക്കാരുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്.
ഇവരെ നേരിട്ടുകണ്ട് ഏത് തരത്തിലുള്ള വാഹനമാണ് ഏര്‍പ്പെടുത്തേണ്ടെന്ന് പരിശോധിക്കും. വാഹനം ആവശ്യമില്ലെന്ന് പറയുന്നവരില്‍ നിന്നും അക്കാര്യം എഴുതി വാങ്ങും.