ന്യൂദല്‍ഹി: ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്‌പോര്‍ട്ട് സംഘടനകളും. ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
‘ഒരച്ഛന്റെ രണ്ട് മക്കളെപ്പോലെയാണ് കൃഷിയും ഗതാഗതവും. ഭാരത് ബന്ദിന് 51 ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും’, ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സതീഷ് സെഹ്‌റാവത് പറഞ്ഞു.
തങ്ങളുടെ ബിസിസനിന്റെ വേരുകളാണ് കര്‍ഷകരെന്നായിരുന്നു ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷന്‍ പ്രസിഡണ്ട് പര്‍മീത് സിംഗ് പറഞ്ഞത്. സമരം ചെയ്യുന്നവര്‍ തങ്ങളുടെ സഹോദര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) അറിയിച്ചിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പണിമുടക്കുമെന്നും എ.ഐ.എം.ടി.സി അറിയിച്ചിട്ടുണ്ട്.
‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും’, എ.ഐ.എം.ടി.സി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല്‍ പറഞ്ഞു.
കര്‍ഷകര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം.ടി.സി പ്രസ്താവനയില്‍ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എ.ഐ.എം.ടി.സി പറഞ്ഞു.
ഡിസംബര്‍ 8ന് നടക്കുന്ന കര്‍ഷക ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.
ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Transport unions support Bharat Bandh call