| Tuesday, 14th December 2021, 8:15 pm

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കും; ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗത മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുമായി ചര്‍ച്ച ചെയ്ത് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന് മാനദണ്ഡങ്ങളൊന്നുമില്ല. വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്കും വരുമാനമില്ലാത്തവര്‍ക്കും ഒരുപോലെയാണ് കണ്‍സഷന്‍. ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് തീര്‍ത്തും സൗജന്യമായി യാത്രാ സൗകര്യമൊരുക്കണമെന്നുള്ള അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.

റേഷന്‍ കാര്‍ഡിനെ മാനദണ്ഡമാക്കി വരുമാനം നിര്‍ണയിക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആംബുലന്‍സുകളുടെ നിരക്കില്‍ ഏകീകൃത സ്വഭാവം കൈക്കൊള്ളും. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രികാല യാത്രാ ബസുകളുടെ എണ്ണം കൂട്ടുമെന്നും നിരക്കില്‍ വ്യത്യാസം വരുത്തുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ച നടത്തിയിരുന്നു.

മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ നിരക്ക് നിശ്ചയിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Transport Minister Antony Raju Says implement ration card for students’ bus concession

We use cookies to give you the best possible experience. Learn more