| Monday, 7th June 2021, 9:09 pm

വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മാണത്തില്‍ ഖനനം ചെയ്യുന്ന മണല്‍ പൂന്തുറ മുതല്‍ വേളി വരെ നിക്ഷേപിക്കണം: ആന്റണി രാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണല്‍ പൂന്തുറ മുതല്‍ വേളി വരെയുള്ള തീരദേശത്തു നിക്ഷേപിക്കണമെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ചു പദ്ധതി രൂപരേഖ തയ്യാറാക്കി നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തോടെ ഫിഷറീസ് വകുപ്പു മന്ത്രിയ്ക്ക് അദ്ദേഹം
കത്തു നല്‍കി.

തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും തീരശോഷണത്തിനു പരിഹാരം, പദ്ധതി ബാധിത പ്രദേശത്ത് മണല്‍ നിക്ഷപം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു.

വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മാണ കമ്പനി, തീരശോഷണം നേരിടുന്ന മേഖലയില്‍ മണല്‍ നിക്ഷേപത്തിനു തയ്യാറാകുന്നില്ലെന്നും, ഇക്കാര്യത്തില്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കണമെന്നും ഫിഷറീസ് മന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.

‘വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം മാത്രമാണു മണല്‍ത്തിട്ട രൂപപ്പെട്ടത്. ഇതിനുകാരണം കടല്‍ തീരത്തു വടക്കുനിന്നു തെക്കോട്ടുള്ള മണലൊഴുക്ക് ആണ്. മുന്‍കാലത്ത് ഈ മണലൊഴുക്കു അടിമലത്തുറ പുല്ലുവിള തീരങ്ങളില്‍ അടിയുകയാണ് ഉണ്ടായിരുന്നത്.
എന്നാല്‍ തുറമുഖ നിര്‍മ്മാണത്തിനായി പുലിമുട്ട് നിര്‍മ്മിച്ചത്തോടെ ഈ മണല്‍ ഫിഷിംഗ് ഹാര്‍ബറിലേയ്ക്കു പ്രവേശിക്കാന്‍ തുടങ്ങിയതാണു ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം,’ ആന്റണി രാജു കത്തില്‍ പറഞ്ഞു.

തുറമുഖ നിര്‍മ്മാണ കമ്പനി ഇപ്പോള്‍ ഈ മണല്‍ സൗജന്യമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് . എന്നാല്‍ ഈ പ്രക്രിയ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളില്‍ തീരശോഷണം സംഭവിക്കാന്‍ ഇടയാക്കും. മണല്‍ അടിയുന്ന സ്ഥലങ്ങളില്‍ നിന്നും അതെടുത്തു തീരശോഷണം സംഭവിക്കുന്ന മേഖലയില്‍ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ധസമിതി റിപ്പോര്‍ട്ട് ഉടനെ നടപ്പാക്കുകയാണ് വേണ്ടത്.

മുതലപ്പൊഴി ഹാര്‍ബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാര്‍ഗ്ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മിക്കുന്ന കമ്പനി ഇങ്ങനെ കുഴിച്ചെടുക്കുന്ന മണല്‍ തീരശോഷണം നേരിടുന്ന മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നില്ല. ഈ വസ്തുതകള്‍ പരിഗണിച്ച് തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കി, പൂന്തുറ മുതല്‍ വേളി വരെ മണല്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി തയ്യാറാക്കനാമെന്നും ഫിഷറീസ് മന്ത്രിക്ക് നല്‍കിയ കത്തില്‍ മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGLIGHTS : Transport Minister Antony Raju has demanded that the sand mined as part of the construction of Vizhinjam Harbor be deposited in the coastal areas from Poonthura to Veli.

Latest Stories

We use cookies to give you the best possible experience. Learn more