| Saturday, 15th August 2020, 4:35 pm

ഓണത്തിന് അന്തര്‍സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിക്കുന്നു; കര്‍ണാടകയിലേക്ക് പ്രത്യേക സര്‍വീസ്; യാത്ര പ്രോട്ടോക്കോള്‍ അനുസരിച്ചെന്നും ഗതാഗത മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള് പുനരാരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓണത്തിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലേക്കെത്താനായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഗതാഗതമന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും യാത്രയെന്നും മന്ത്രി അറിയിച്ചു. കര്‍ണാടകയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

‘എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും യാത്രയ്ക്ക് മുമ്പ് കേരളത്തിലേക്കുള്ള യാത്രാ പാസ് കരുതേണ്ടതുമാണ്. ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കേണ്ടതുമാണ്. യാത്രക്കാര്‍ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നത് ഉറപ്പാക്കേണ്ടതാണ്,’ ഗതാഗത മന്ത്രി പറഞ്ഞു.

യാത്രയ്ക്ക് മുമ്പ് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വീസ് റദ്ദാക്കുകയോ, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അനുമതി നിഷേധിക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content HIghlight: Transport minister AK Saseendran says KSRTC service will restart on onam

We use cookies to give you the best possible experience. Learn more