കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി
Kerala News
കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 12:29 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു ഗതാഗത മന്ത്രി. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു.

അതേസമയം, താന്‍ മാദ്യപിക്കാത്ത ആളാണെന്നായിരുന്നു ശ്രീരാമിന്റെ വിശദീകരണം. ‘മദ്യപിക്കാത്തയാളാണ് ഞാന്‍. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണു വാഹനമോടിച്ചിരുന്നത്. മനപ്പൂര്‍വമല്ലാത്ത അപകടമാണു സംഭവിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടമുണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ല. രക്തത്തില്‍ മദ്യം കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല.’, എന്നാണ് ശ്രീറാം പറഞ്ഞിരുന്നത്.

ഓഗസ്റ്റ് മൂന്നിന് രാത്രി 12.55-നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. അന്നുതന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.

ഇതിന് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം മെഡിക്കല്‍ കോളേജില്‍ എത്താതെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയായ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറച്ച് കേസ് ദുര്‍ബലപ്പെടുത്താനാണെന്ന് ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

ഈ ആരോപണം ശരിവെക്കുന്ന രക്തപരിശോധനാ ഫലവുമായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിനായില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇക്കാരണം കൊണ്ട് മാത്രമാണ് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയതും. ജാമ്യം നല്‍കിയെങ്കിലും നടപടി ക്രമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

കിംസ് ആശുപത്രിയില്‍ അഡ്മിറ്റായി ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്തസാമ്പിളുകള്‍ പൊലീസ് എടുത്തത്. സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് കിംസ് ആശുപത്രി അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി മൊഴിയെടുക്കുകയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

എന്നാല്‍ ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20-ാം വാര്‍ഡിലെ സെല്‍റൂമിലേക്ക് മാറ്റി. പിന്നീട് ഇവിടെ നിന്ന് സര്‍ജിക്കല്‍ ഐ.സി.യുവിലേക്കും ട്രോമ ഐ.സി.യുവിലേക്കും മാറ്റി. തുടര്‍ന്ന് ജാമ്യവും ലഭിച്ചു.