ബെംഗളൂരു: അധിക ചാര്‍ജ് ആവശ്യപ്പെടുകയാണെന്ന വ്യാപക പരാതിയെത്തുടര്‍ന്ന് ഒല, ഊബര്‍, റാപ്പിഡോ ഓട്ടോറിക്ഷ സര്‍വീസുകള്‍ നിര്‍ത്താന്‍ കര്‍ണാടക വാഹന വകുപ്പിന്റെ നിര്‍ദേശം. യാത്രക്കാരോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഹേമന്ദ കുമാര പറഞ്ഞു.
തിങ്കളാഴ്ചക്കകം കര്‍ണാടകയില്‍ ഒല, ഊബര്‍, റാപ്പിഡോ ഓട്ടോറിക്ഷ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. ഇ-റൈഡ് ഹെയ്ലിങ് പ്ലാറ്റ്‌ഫോം കമ്പനികള്‍ നല്‍കുന്ന ഓട്ടോ സര്‍വീസുകളെ ‘നിയമവിരുദ്ധം’ എന്ന് വിളിച്ചാണ് കര്‍ണാടക ഗതാഗത വകുപ്പ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാഹന അഗ്രഗേറ്ററുകളോട് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
റൈഡ്-ഹെയ്ലിങ് കമ്പനികള്‍ അവരുടെ ഓട്ടോ സര്‍വീസുകള്‍ എത്രയും വേഗം, നിര്‍ത്തണമെന്നും ടാക്സികളില്‍ യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കരുതെന്നുമാണ് ഉത്തരവ്. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം നിയമവിധേയമായാണ് സര്‍വീസ് നടത്തുന്നതെന്നും റാപിഡോ പ്രതികരിച്ചു. നോട്ടീസിന് നിയമപരമായി മറുപടി നല്‍കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
അടുത്തിടെയായി നിരവധി പരാതികളാണ് ബെംഗളൂരുവില്‍ ഓട്ടോ സര്‍വീസുകള്‍ക്കെതിരെ ഉയര്‍ന്നു കേട്ടത്. രണ്ട് കിലോമീറ്ററില്‍ താഴെയുള്ള ദൂരമാണെങ്കില്‍ പോലും ഒലയും ഊബറും കുറഞ്ഞത് 100 രൂപ ഈടാക്കുന്നതിനെക്കുറിച്ച് നിരവധി യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ബെംഗളൂരുവിലെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിന് ശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്.
കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റേഴ്സ് റൂള്‍സ് 2016 പ്രകാരം, ടാക്‌സികള്‍ ഓടിക്കാന്‍ മാത്രമാണ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഈ നിയമം ഓട്ടോകള്‍ക്ക് ബാധകമല്ല.