ഹോളിവുഡിലെ വിവേചനത്തിനെതിരെ തുറന്നടിച്ച് ട്രാന്‍സ് അഭിനേതാക്കള്‍; സ്‌കാര്‍ലറ്റ് ജോഹാന്‍സണെതിരേയും രൂക്ഷവിമര്‍ശനം
world
ഹോളിവുഡിലെ വിവേചനത്തിനെതിരെ തുറന്നടിച്ച് ട്രാന്‍സ് അഭിനേതാക്കള്‍; സ്‌കാര്‍ലറ്റ് ജോഹാന്‍സണെതിരേയും രൂക്ഷവിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 3:50 pm

“നിങ്ങള്‍ക്ക് ഞങ്ങളെയും ഞങ്ങളുടെ ജീവിതത്തെയും വെളളിത്തിരയില്‍ അവതരിപ്പിക്കാം. പക്ഷെ ഞങ്ങള്‍ക്കോ ?” ചോദിക്കുന്നത് ഹോളിവുഡിലെ ട്രാന്‍സ്ജെന്‍ഡര്‍ അഭിനേതാക്കളാണ്.

ഹോളിവുഡിലെ ട്രാന്‍സ് വിവേചനത്തിനെതിരെ തുറന്നടിക്കുകയാണ് ഒരു കൂട്ടം ട്രാന്‍സ് അഭിനേതാക്കള്‍. മറ്റു സിനിമകളുടെ ഓഡിഷനുപോലും തങ്ങളെ പ്രവേശിപ്പിക്കാറില്ലെന്നും ഇവര്‍ പറയുന്നു. “ട്രാന്‍സ് വ്യക്തികള്‍ക്കു ട്രാന്‍സ് കഥാപാത്രങ്ങളല്ലാതെ മറ്റൊരു റോളും അഭിനയിക്കാന്‍ ലഭിക്കാറില്ല. ഓഡിഷനു പോലും പ്രവേശിപ്പിക്കാറില്ല. അതാണ് യഥാര്‍ത്ഥ പ്രശ്നം. ട്രാന്‍സ് അല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ട്രാന്‍സ് വ്യക്തികള്‍ക്ക് അവസരം നല്‍കാന്‍ ഹോളിവുഡ് തയ്യാറാകണം.” “സെന്‍സ്8” താരമായ ട്രാന്‍സ് സ്ത്രീ ജാമി ക്ലെയ്ടണ്‍ ട്വിറ്ററില്‍ കുറിച്ചു.


ALSO READ: ആന്‍ ഫ്രാങ്കിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചിരുന്നു; വിലങ്ങുതടിയായത് യു.എസിന്റെ കുടിയേറ്റ നയവും യുദ്ധവുമെന്ന് ഗവേഷകര്‍


“റബ് ആന്റ് ടഗ്” എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ട്രാന്‍സ് പുരുഷനായി അഭിനയിക്കാന്‍ പ്രശസ്ത ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ കരാറില്‍ ഒപ്പ് വെച്ചതോടുകൂടിയാണ് ട്രാന്‍സ് വിഭാഗക്കാര്‍ കാസ്റ്റിങില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

“നിങ്ങള്‍ ഞങ്ങളുടെ ജീവിതം അഭിനയിച്ച് വലിയ പുരസ്‌കാരങ്ങള്‍ നേടാം. പക്ഷെ ഞങ്ങളെ ഒരിക്കലും നിങ്ങളുടെ ജീവിതം അഭിനയിക്കാന്‍ അനുവദിക്കുകയുമില്ല. ഞങ്ങളുടെ ജീവിതവും അവസരങ്ങളും നിങ്ങള്‍ കവര്‍ന്നെടുക്കുകയാണ്” ആമസോണ്‍ ഷോ ട്രാന്‍സ്പാരന്റ് താരമായ ട്രാന്‍സ് നടി ട്രേസ് ലിസറ്റ് പറയുന്നു.

മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ഒരിക്കലും അവസരം ലഭിക്കാത്തതിനാല്‍ ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ളവരുടെ ജീവിതം ചലച്ചിത്രമാക്കുമ്പോള്‍ ട്രാന്‍സ് വ്യക്തികളെ തന്നെ അവതരിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.


ALSO READ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് വര്‍ധിപ്പിക്കാന്‍ നീക്കം; ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകുന്ന ആശുപത്രികളുടെ എണ്ണവും കുറഞ്ഞേക്കും


“അവര്‍ക്ക് ജെഫ്രി ടാംബോര്‍, ജറാദ് ലെറ്റോ, ഫെലിസിറ്റി ഹഫ്മാന്‍ എന്നിവരോട് പ്രതികരിക്കാന്‍ ആവശ്യപ്പെടാം” എന്നായിരുന്നു വിമര്‍ശനങ്ങളോടുള്ള സ്‌കാര്‍ലറ്റിന്റെ പ്രതികരണം. മൂവരും ട്രാന്‍സ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുരസ്‌കാരങ്ങള്‍ നേടിയവരാണ്.

അഭിനേതാവിനു കഴിവുണ്ടെങ്കില്‍ ഏത് റോളും അഭിനയിക്കാമെന്ന വാദവുമായി സ്‌കാര്‍ലെറ്റിനു പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ട്രാന്‍സ് അഭിനേതാക്കളുടെ കാര്യത്തിലും ഈ തുല്യത തന്നെയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് പ്രതിഷേധക്കാരുടെ മറുപടി.