| Sunday, 13th October 2019, 7:15 pm

വാര്‍ത്തകള്‍ വായിക്കുന്നത് ഹൃദിക്; ഇന്ത്യയിലാദ്യമായി വാര്‍ത്താവതരണ രംഗത്തേക്ക്‌ ചുവടുവെച്ച് ട്രാന്‍സ്മെന്‍ യുവാവ്

അളക എസ്. യമുന

പുതു ചരിത്രം തീര്‍ത്ത് മാധ്യമ ലോകത്തേക്ക് ചുവടുവച്ച് ട്രാന്‍സ്‌മെന്‍ യുവാവ് ഹൃദിക്ക്. ജിവന്‍ ടിവിയില്‍ വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടാണ് ഇന്ത്യയിലെ ആദ്യ വാര്‍ത്താ അവതാരകനായി ഹൃദിക് മാറിയിരിക്കുകയാണ്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദം ഹാരിയുടെ ഉപരിപഠനത്തിനുള്ള സഹായം സാമൂഹ്യനീതി വകുപ്പ് നല്‍കുമെന്നറിയിച്ചതിന് പിന്നാലെ ഹൃദികിന്റെ ഈ ചുവടുവെപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് അഭിമാനം ഇരട്ടിയാക്കുന്നു.

‘എനിക്ക് ഏറെ താല്പര്യമുള്ള മേഖലയാണ് ജേര്‍ണലിസം. പണ്ടുതൊട്ടെ ഈ മേഖലയോട് പ്രത്യേക താല്പര്യമുണ്ട്. ജേര്‍ണലിസം പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യം മൂലം പഠിക്കാന്‍ പറ്റിയില്ല. പാര്‍ട് ടൈം പണിയെടുത്താണ് ഡിഗ്രി പഠിച്ചത്. ബി.ബി.എ. ആയിരുന്നു വിഷയം. ഇപ്പോള്‍ ഭാര്യ തൃപ്തിയുടെ ശക്തമായ പിന്തുണ കൊണ്ടാണ് എന്റെ ആഗ്രഹത്തിലേക്ക് എത്തിനില്‍ക്കാന്‍ പറ്റിയത്. ഒരുപാട് സന്തോഷം ഉണ്ട്’ ഹൃദിക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജൂണ്‍ പത്തിനായിരുന്നു ട്രാന്‍സ്‌മെന്നായ ഹൃദിക്കിന്റെയും ട്രാന്‍സ് വുമണായ തൃപ്തിയുടേയും വിവാഹം കഴിഞ്ഞത്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാഹമായിരുന്നു ഇവരുടേത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ സംരംഭകയായ് തൃപ്തി ‘ തൃപ്തി ഹാന്റിക്രാഫ്റ്റി’ന്റെ സി.ഇ.ഒ ആണ്.

മാധ്യമ മേഖലയില്‍ ട്രാന്‍സ് വുമണ്‍ അവതാരകരുണ്ടെങ്കിലും ട്രാന്‍സ്‌മെന്‍ അവതാരകറില്ല. ഒന്ന് ശ്രമിച്ചുടെ എന്ന് തൃപ്തിയാണ് ചോദിച്ചത്. അങ്ങനെയാണ് ഒരുശ്രമം നടത്തുന്നത്. ഇതിനു മുന്‍പ് ജീവന്‍ ടിവിയില്‍ തന്നെയാണ് വാര്‍ത്താ അവതാരകനാകാന്‍ ശ്രമിച്ചിരുന്നിരുന്നത്. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചിരുന്നിരുന്നില്ല. പിന്നീട് പ്രതീക്ഷിക്കാതെയാണ് ജീവന്‍ ടിവിയില്‍ നിന്ന് വിളിക്കുന്നത്. അങ്ങനെയാണ് പോയി അവതരിപ്പിക്കുന്നത്. ട്രയല്‍ എടുത്തപ്പോള്‍ തന്നെ ശരിയായി ഹൃദിക് പറഞ്ഞു.

ഒരുപാട് ട്രാന്‍സ് വുമണ്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമ, ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം, സൂര്യ , തൃപ്തി തുടങ്ങിയവര്‍ അതിനുള്ള ഉദാഹരണമാണ്. ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ ഇത് താരതമ്യേന കുറവാണ്. രാജ്യത്തെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റായ ആദം ഹാരിയെയും ഇഷാന്‍ കെ ഷാനേയുംപോലെയുള്ളവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ നിന്ന് മുഖ്യധാരയിലേക്ക് എത്തുന്നവരുടെ എണ്ണം കുറവാണ്. ട്രാന്‍സ്‌മെന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവരുടെ മാനസികാവസ്ഥയും നന്നായി അറിയാം. അതുകൊണ്ടുതന്നെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം.

പലര്‍ക്കും തങ്ങളുടെ ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്റി വെളിപ്പെടുത്തുമ്പോള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. പലരേയും സ്വന്തം കുടുംബത്തില്‍പോലും അംഗീകരിക്കുന്നില്ല. വീട്ടില്‍ നിന്ന് ഇറങ്ങി വരേണ്ട അവസ്ഥയാണ് പലര്‍ക്കും. ആ അവസ്ഥയ്ക്ക് മാറ്റം വരണം. അവര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാവരുത്. അവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യേണം. തുടര്‍ന്നും മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിനു വേണ്ടിപ്രവര്‍ത്തിക്കണം. സമൂഹത്തിന് ഇപ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തോടുള്ള സമീപനത്തില്‍ നല്ല മാറ്റമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അവര്‍ അംഗീകരിക്കുന്നുണ്ട്. എങ്കിലും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്. അതിനായി പ്രവര്‍ത്തിക്കണം. വെറുതേ ജീവിച്ച് മരിക്കുന്നതിനു പകരം നമുക്ക് ശേഷം വരുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു വയ്ക്കണം ‘ ഹൃദിക് പറയുന്നു.

ഹൃദിക് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ്. തൃപ്തി കാസര്‍കോട് സ്വദേശിയാണ്. ഇപ്പോള്‍ ഇരുവരും കൊച്ചിയിലാണ് താമസിക്കുന്നത്.

WATCH THIS VIDEO:

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more