ട്രെയിന്‍ യാത്രക്കിടെ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദമടക്കമുള്ള ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് മര്‍ദ്ദനവും അസഭ്യവര്‍ഷവും
Transgender Issues
ട്രെയിന്‍ യാത്രക്കിടെ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദമടക്കമുള്ള ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് മര്‍ദ്ദനവും അസഭ്യവര്‍ഷവും
അശ്വിന്‍ രാജ്
Monday, 15th July 2019, 3:03 pm

‘ഇത് ഇന്ത്യയാണ്. ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും മതി നിങ്ങളെ പോലെ ആണും പെണ്ണും കെട്ടവര്‍ വേണ്ട’ ‘ഇത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഉള്ള വണ്ടിയാണ്’. തിങ്കളാഴ്ച പുലര്‍ച്ചേ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിയോടും സുഹൃത്തുക്കളായ മറ്റ് ട്രാന്‍സ്‌ജെന്‍ണ്ടര്‍ വ്യക്തികളെയും ആക്രമിച്ച് കൊണ്ട് രണ്ട് വ്യക്തികള്‍ പറഞ്ഞ വാക്കുകളാണ് ഇത്.

ട്രാന്‍സ്‌ജെന്‍ണ്ടര്‍ പൊളിസി നടപ്പാക്കുകയും വിവിധ മേഖലകളിലേക്ക് ട്രാന്‍സ്‌ജെന്‍ണ്ടര്‍ വ്യക്തികള്‍ സ്വന്തം കഴിവിനാല്‍ മുന്നോട്ടേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന മാനവിയം ക്വിയര്‍ ഫെസ്റ്റിന് ശേഷം തിരികെ എറണാകുളത്തേക്കും തൃശ്ശൂരിലേക്കും യാത്ര തിരിച്ച ട്രാന്‍സ്‌ജെന്‍ണ്ടര്‍ വ്യക്തികളെയാണ് രണ്ട് പേര്‍ മര്‍ദിക്കുകയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് വ്യക്തിയായ ആദം, പ്രവീണ്‍, സിദ്ധാര്‍ത്ഥ് തുടങ്ങി നാല് ട്രാന്‍സ്‌മെന്‍ വ്യക്തികളും ട്രാന്‍സ്‌ജെന്‍ണ്ടര്‍ യുവതികളും അടക്കം എട്ടുപേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

തുടര്‍ന്ന് സംഭവം ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ആദത്തിനെ അടിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങള്‍ ട്രെയിനിലെ മറ്റ് വ്യക്തികളോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് ആദം ഹാരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഞങ്ങള്‍ കഴിഞ്ഞ ദിവസം മാനവീയത്തില്‍ ഫാഷന്‍ ഷോയ്ക്ക് പോയി തിരികെ വരികയായിരുന്നു. ട്രെയിനില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ട് പേര്‍ ട്രെയിന്‍ കയറാന്‍ നോക്കി. ആദ്യം തിരക്കായത് കാരണം അവര് കയറിയില്ല. തുടര്‍ന്ന് കുടെയുള്ള ട്രാന്‍ജെന്‍ണ്ടര്‍ പെണ്‍കുട്ടികളെ കണ്ടതോടെ അവര്‍ ആ കംപാര്‍ട്ട്‌മെന്റില്‍ തന്നെ കയറി. ആദ്യം തന്നെ കുടെയുള്ള ഒരാളെ ചവിട്ടി. നെഞ്ചിന് ഇട്ട് കുത്തി. അപ്പോള്‍ ഞങ്ങള് പറഞ്ഞു. മാറി തരാം ചേട്ടാ പറഞ്ഞാല്‍ പോരെ എന്ന്. എന്നിട്ടും അവര്‍ കേട്ടില്ല. പിന്നെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയായിരുന്നു. ഇത് ഇന്ത്യയാണ് ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും മതി. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും സഞ്ചരിക്കാനുള്ള വാഹനമാണിത്. നിങ്ങളെ പോലുള്ള മറ്റേപണിക്ക് പോകുന്ന ആണും പെണ്ണും കെട്ടതിനുള്ളതല്ല എന്നൊക്കെയായിരുന്നു അവരുടെ പറച്ചില്‍. പിന്നെ ഇത് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയതോടെ എന്നെ അവര്‍ അടിച്ചു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെന്നും ആദം പറയുന്നു.

ഞങ്ങള്‍ എട്ടുപേരുണ്ടായിരുന്നു. ആരും ഒന്നും തിരിച്ച് ചെയ്തില്ല. കാരണം ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ പിന്നെ ട്രാന്‍സ്‌ജെന്‍ണ്ടര്‍ വ്യക്തികള്‍ യുവാക്കളെ ആക്രമിച്ചു എന്ന രീതിയിലായിരിക്കും പുറത്തുവരുന്ന വാര്‍ത്തകള്‍. അവര്‍ ഞങ്ങളെ ആക്രമിച്ചതിനേക്കാളും വിഷമം വന്നത് ആ ട്രെയിനിലുള്ള ആളുകളോട് കരഞ്ഞ് പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്തതാണ് – ആദം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസിനെ വിളിച്ചതോടെ അടുത്ത സ്റ്റേഷനില്‍ അക്രമികളെ പിടികൂടിയെങ്കിലും നിങ്ങള്‍ ട്രെയിനില്‍ തിരിച്ച് പോയികൊള്ളു ഇവിടെ നില്‍ക്കേണ്ട എന്നാണ് പറഞ്ഞത്. പിന്നീട് ട്രെയിനില്‍ മദ്യപിച്ച് കയറിയതിന് പിഴയടച്ച് ഇവരെ പറഞ്ഞയച്ചന്നാണ് അറിഞ്ഞത്. ആദം പറഞ്ഞു.

സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്നാണ് ആക്രമികളുടെ മര്‍ദ്ദനമേറ്റ മറ്റൊരു ട്രാന്‍സ്‌മെന്‍ ആയ സിദ്ധാര്‍ത്ഥ് പറയുന്നത്. റെയില്‍വേ പൊലീസിലും ട്രാന്‍സ്‌ജെന്‍ണ്ടര്‍ സെല്ലിലും പരാതി നല്‍കാനാണ് തീരുമാനം. ആര്‍ക്കും ഒരു ശല്ല്യവും ഇല്ലാതെ നിന്ന് നമ്മളെ വെറുതെ ആക്രമിക്കുകയും സഹായ അഭ്യര്‍ത്ഥന നടത്തിയിട്ടും ആരും തിരിഞ്ഞ് നോക്കാത്തതും വലിയ വേദനയാണ് ഉണ്ടാക്കിയതെന്നും സിദ്ധാര്‍ത്ഥ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.


 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.