| Saturday, 11th February 2023, 8:17 am

പ്രസവിച്ച സഹദ് അച്ഛന്‍ തന്നെ; കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ മാതാപിതാക്കളായ സിയയും സഹദും കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിവേദനം നല്‍കാന്‍ ഒരുങ്ങുന്നു.

സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന് ജന്മം നല്‍കിയ സഹദിനെ അച്ഛനായും സിയയെ അമ്മയായും രേഖപ്പെടുത്തണമെന്നാണ് ഇവര്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടിനും ഇവര്‍ നിവേദനം നല്‍കുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഇവരുടെ ട്രാന്‍സ് തിരിച്ചറിയല്‍ രേഖകളില്‍ സഹദിനെ പുരുഷനായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ സ്ഥാനത്തായിരിക്കണം സഹദിന്റെ പേര് വരേണ്ടതെന്ന് ട്രാന്‍സ് ദമ്പതികള്‍ പറയുന്നു.

ആശുപത്രി സൂപ്രണ്ടിനെ കണ്ട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും രേഖാമൂലം അപേക്ഷ ലഭിച്ച ശേഷമായിരിക്കും ബാക്കി നടപടികള്‍ സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആരോഗ്യമന്ത്രിയുമായും നിയമവിദഗ്ധരുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സിയയുടെയും സഹദിന്റെയും ആവശ്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്ന സഹദിന്റെ പ്രസവം. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പ്രസവമായിരുന്നു സഹദിന്റേത്.

കുഞ്ഞിന്റെയും സഹദിന്റെയും ആരോഗ്യനില തൃപ്തികരമാണ്. സിസേറിയനായതിനാല്‍ ഇരുവരും രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സഹദിന്റെ ഗര്‍ഭധാരണം വലിയ ജനശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി കടന്നുവരുന്നതിന്റെ സന്തോഷം നര്‍ത്തകിയും അഭിനേത്രിയുമായ സിയ പവല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

കുഞ്ഞിനെ ദത്തെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും ട്രാന്‍സ് ദമ്പതികളായതിനാല്‍ ഒട്ടനവധി തടസങ്ങള്‍ നേരിട്ടു. തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനകളില്‍ സഹദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയതോടെയാണ് സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നത്.

Content Highlight: Transman Sahad wants to his name in Father’s column in birth certificate of the child he delivered with Siya

We use cookies to give you the best possible experience. Learn more