ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് മരിച്ച നിലയില്‍
Kerala News
ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2023, 6:44 pm

തൃശൂര്‍: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ പ്രവീണിനെ കണ്ടെത്തിയത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയായിരുന്നു.

ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും കഴിഞ്ഞ പ്രണയദിനത്തില്‍ വിവാഹിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍ തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും പ്രവീണ്‍ പിന്‍വലിച്ചിരുന്നു.

സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത് വേദനയുണ്ടാക്കിയെന്നും പ്രവീണ്‍ പ്രതികരിച്ചിരുന്നു.

പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു പ്രവീണ്‍ നേരിട്ടത്. മുന്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചു.

 

Content Highlight: Transman Praveen Nath found dead