കവിയും ആക്റ്റിവിസ്റ്റുമായ റഫീഫ് സിയാദാ പലസ്തീനിയന്‍ അഭയാര്‍ത്ഥിയാണ്. റ്റൊരൊന്റൊയിലെ യോര്‍ക് സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ സിയാദാ പലസ്തീന്റെ മോചനത്തിനുവേണ്ടി സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കാവ്യാലാപനകലാകാരിയാണ്.
‘ക്രോധത്തിന്റെ നിഴലുകള്‍’, ‘ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍’ എന്നിവ പ്രശസ്ത കവിതകള്‍. പലസ്തീനെ പ്രതിനിധീകരിച്ച് ലോക കവിതാ മേളകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും കവിതാ ശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ സമാഹാരത്തിന്റെ പേര് ‘ഹദീല്‍’ (പ്രാവുകളുടെ കുറുകല്‍) എന്നാണ്.
‘എ16 ബോംബര്‍ വിമാനങ്ങള്‍ വട്ടമിടുമ്പോഴും പട്ടം പറപ്പിക്കുകയും പലസ്തീനിലെ ഗ്രാമങ്ങളുടെ പേര് ഇപ്പോഴും ഓര്‍ക്കുകയും ഗാസയുടെ മേല്‍ പ്രാവുകള്‍ കുറുകുന്ന ശബ്ദം ഇപ്പോഴും കേള്‍ക്കുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക്’ ഈ സമാഹാരം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
പരിഭാഷ: കെ. രാമചന്ദ്രന്‍
ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍
ഇന്ന് എന്റെ ശരീരം ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
ഇന്ന് എന്റെ ശരീരം ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയില്‍ ഒതുക്കേണ്ടിയിരുന്നു.
വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയില്‍ ഒതുക്കിക്കൊണ്ട്,
അളന്നുമുറിച്ച പ്രതികരണങ്ങളെ നേരിടാന്‍ പാകത്തില്‍,
സ്ഥിതിവിവരക്കണക്കുകള്‍കൊണ്ട് നിറയ്‌ക്കേണ്ടിയിരുന്നു.
ഞാനെന്റെ ഇംഗ്ലീഷ് മികവുറ്റതാക്കി; ഐക്യരാഷ്ട്രപ്രമേയങ്ങള്‍ പഠിച്ചു.
എന്നിട്ടും അദ്ദേഹം എന്നോടു ചോദിച്ചു: മിസ് സിയാദാ,
ഇത്രയധികം വിദ്വേഷം നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് നിര്‍ത്തിയാല്‍
എല്ലാം പരിഹരിക്കാമെന്നു നിങ്ങള്‍ കരുതുന്നില്ലേ?
ചെറിയ ഒരു ഇടവേള.
ക്ഷമ നേടാനുള്ള കരുത്തിനായി ഞാന്‍ എന്റെ ഉള്ളിലേക്ക് നോക്കി.
പക്ഷെ, ഗാസയില്‍ ബോംബു വര്‍ഷിക്കുമ്പോള്‍,
ക്ഷമ എന്റെ നാവിന്‍ തുമ്പിലില്ല.
ക്ഷമ എന്നില്‍നിന്നും കടന്നുകളഞ്ഞിരിക്കുന്നു.
ചെറിയ ഒരു ഇടവേള. പുഞ്ചിരി.
ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍
റഫീഫ്, പുഞ്ചിരിക്കാന്‍ മറക്കരുത്.
ചെറിയ ഒരു ഇടവേള. പുഞ്ചിരി.
ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍
ഞങ്ങള്‍ പലസ്തീന്‍കാര്‍ ജീവിതം പഠിപ്പിക്കുന്നത്
അവര്‍ ആകാശത്തിന്റെ അവസാനതുണ്ടിലും
അധിനിവേശം നടത്തിയതിനു ശേഷമാണ്.
ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍
ഇന്ന് എന്റെ ശരീരം ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയില്‍ ഒതുക്കേണ്ടിയിരുന്നു.
ഞങ്ങള്‍ക്ക് ഒരു സ്റ്റോറി തരൂ, ഒരു ഹ്യൂമന്‍ സ്റ്റോറി.
നോക്കൂ, ഇത് രാഷ്ട്രീയമല്ല.
നിങ്ങളെക്കുറിച്ചും നിങ്ങളുടെ ജനതയെക്കുറിച്ചും മാത്രമേ
ഞങ്ങള്‍ക്കു ജനത്തോടു പറയേണ്ടതുള്ളൂ അതുകൊണ്ട് മാനുഷികമായ ഒരു കഥ തരൂ.
‘വര്‍ണവിവേചനം’ ‘അധിനിവേശം’എന്നെല്ലാമുള്ള വാക്കുകള്‍ മിണ്ടരുത്.
ഇത് അരാഷ്ട്രീയമാണ്.
ഒരു ജേണലിസ്റ്റായ എന്നെ നിങ്ങള്‍ സഹായിക്കേണ്ടത്
നിങ്ങളെ സഹായിക്കുവാനാണ്: രാഷ്ട്രീയമല്ലാത്ത നിങ്ങളുടെ കഥ പറയുവാന്‍.
ഇന്ന്, എന്റെ ശരീരം ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
നിങ്ങള്‍ ഞങ്ങള്‍ക്കു നല്കുന്നത്
ചികിത്സ ആവശ്യമുള്ള ഗാസയിലെ ഒരു സ്ത്രീയുടെ കഥയായാലോ?
എന്ത് പറയുന്നു?
എല്ല് പൊട്ടിയ അവയവങ്ങള്‍ സൂര്യനെ മൂടാന്‍ മാത്രമുണ്ടോ നിങ്ങള്‍ക്ക്?
നിങ്ങളുടെ മരിച്ചവരെ കൈമാറിക്കോളൂ.
അവരുടെ പേരുള്ള പട്ടിക ഞങ്ങള്‍ക്കു തന്നേക്കൂ,
ആയിരത്തിരുനൂറു വാക്കുകളിലൊതുങ്ങണം.
ഇന്ന്, എന്റെ ശരീരം ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയില്‍ ഒതുക്കേണ്ടിയിരുന്നു
ഭീകരരുടെ രക്തത്തെക്കുറിച്ച് നിര്‍വികാരരാക്കപ്പെട്ടവരെയും അത് ഇളക്കണമായിരുന്നു.
എങ്കിലും, അവര്‍ക്കു ഖേദമുണ്ട്.
ഗാസയിലെ കന്നുകാലികളെയോര്‍ത്തു ഖേദമുണ്ട്.
അതുകൊണ്ട് ഞാന്‍
ഐക്യരാഷ്ട്രപ്രമേയങ്ങളും സ്ഥിതിവിവരക്കണക്കുകളും അവര്‍ക്കു കൊടുക്കുന്നു.
ഞങ്ങള്‍ അപലപിക്കുന്നു, അനുശോചിക്കുന്നു, തിരസ്‌കരിക്കുന്നു.
ഇവ രണ്ടും തുല്യ ശക്തികളല്ല: കീഴടക്കിയവരും കീഴടങ്ങിയവരും.
മരിച്ചവര്‍ നൂറുപേര്‍, ഇരുനൂറു പേര്‍, ആയിരം പേര്‍
അതിനിടയില്‍, യുദ്ധക്കുറ്റത്തിനും കൂട്ടക്കൊലയ്ക്കുമിടയില്‍
വാക്കുകള്‍ പുറന്തള്ളി ഞാന്‍ പുഞ്ചിരിക്കുന്നു ; ‘വിദേശിയായല്ല’,’ ഭീകരവാദിയായല്ല’.
ഞാന്‍ വീണ്ടും എണ്ണുന്നു; മരിച്ച നൂറു പേരെ, ആയിരം പേരെ
പുറത്തു ആരെങ്കിലുമുണ്ടോ അവിടെ?
ആരെങ്കിലുമിതൊന്നു ശ്രദ്ധിക്കുമോ?
അവരുടെ മൃതശരീരങ്ങള്‍ക്കുമേല്‍ പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍
എന്ന് ഞാന്‍ ആശിച്ചു പോവുന്നു.
എല്ലാ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്കും ചെരിപ്പിടാതെ ഓടിയെത്താനും
ഓരോ കുട്ടിയേയുമെടുക്കാനും
എനിക്ക് വേണ്ടിവരുന്നതുപോലെ അവര്‍ക്കു
ശേഷിച്ച ജീവിതകാലത്തൊരിക്കലും
ബോംബുവര്‍ഷത്തിന്റെ ഭീകരശബ്ദം കേള്‍ക്കാതിരിക്കാന്‍
അവരുടെ ചെവി മൂടുവാനും
എനിക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചു പോവുന്നു.
ഇന്ന്, എന്റെ ശരീരം ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
ഇതുമാത്രം ഞാന്‍ താങ്കളോട് പറയട്ടെ,
താങ്കളുടെ ഐക്യരാഷ്ട്രപ്രമേയങ്ങള്‍
ഇക്കാര്യത്തില്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.
ഏത് ശബ്ദശകലങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല.
ഞാന്‍ ഉച്ചരിക്കുന്ന ശബ്ദശകലമെന്തായാലും,
എന്റെ ഇന്ഗ്ലീഷ് എത്ര മെച്ചമായാലും,
ഏത് ശബ്ദശകലത്തിനും ഏത് ശബ്ദശകലത്തിനും ഏത് ശബ്ദശകലത്തിനും
അവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാവില്ല.
ഏത് ശബ്ദശകലത്തിനും ഇത് പരിഹരിക്കാനാവില്ല.
ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍
ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സര്‍
ഞങ്ങള്‍ പലസ്തീന്‍കാര്‍ എല്ലാ പ്രഭാതത്തിലുമുണരുന്നത്
ലോകത്തിലെ മറ്റുള്ളവരെ ജീവിതം പഠിപ്പിക്കാനാണ്, സര്‍
(പരിഭാഷകക്കുറിപ്പ് : sound -bite എന്ന വാക്കിന് ശബ്ദശകലം എന്ന് പരിഭാഷ നല്കിയിട്ടുണ്ട്)
Content Highlight: Translation of Palestine Peom – We teach Life Sir – Rafeef Ziadah