ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല, അദ്ദേഹം വേദിയില്‍ ഇരിക്കുമ്പോള്‍ മുമ്പിലുള്ള മൂന്ന് വരി സീറ്റുകള്‍ ശൂന്യമായി ഇടണം, അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദം മാത്രമേ ഇരിക്കാന്‍ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. സ്ത്രീകളുടെ അശുദ്ധ നിഴല്‍ പോലും ഗുരുവിന്റെ മേല്‍ പതിയാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നിബന്ധനങ്ങള്‍ വെച്ചിരിക്കുന്നത്.
പുസ്തക ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി വിവര്‍ത്തകയും എഴുത്തുകാരിയുമായി ശ്രീദേവി എസ് കാര്‍ത്ത രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അവര്‍ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തുന്നത്. കറന്റ് ബുക്‌സ് തൃശ്ശൂരാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഇത്രയും അശ്ലീലമായ ഒരു ആവശ്യത്തെ നിരസിക്കാനുള്ള ചങ്കുറപ്പ് എഴുത്തുകാരെ പോറ്റുകയും എഴുത്തുകാരാല്‍ പോറ്റപ്പെടുകയും ചെയ്യുന്ന സ്ഥാപനത്തിന് പെടുന്നനെ നഷ്യപ്പെട്ടു പോയെന്നും ശ്രീദേവി വിമര്‍ശിക്കുന്നു. എം.ടി വാസുദേവന്‍ നായര്‍, അബ്ദുല്‍ കലാമിന്റെ സഹ എഴുത്തുകാരന്‍ അരുണ്‍ തീവാരി, അബ്ദുല്‍ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ് സ്വാമിജി എന്നിവരാണ് ചടങ്ങില്‍ പ്രധാന അതിഥികളായെത്തുന്നത്.
“ഈ സംഭവത്തില്‍ ഒരു എഴുത്തുകാരിയെന്ന നിലയ്ക്ക് ഉണ്ടായ വ്യക്തിപരമായ അവഹേളനത്തെക്കാളുപരി എന്നെ നടുക്കിയത് അതില്‍ ഒളിഞ്ഞിരിക്കുന്ന അപായ സൂചനകളാണ്. സ്ത്രീകള്‍ കണ്ണുകള്‍ മാത്രമേ പുറത്തു കാണിക്കാവു എന്ന നിയമം തലവെട്ടി പോലും നടപ്പിലാക്കുന്ന താലിബാനും സ്ത്രീകള്‍ രാത്രി സഞ്ചരിക്കരുത്, സ്ത്രീകള്‍ പുരുഷനൊപ്പം പൊതു വേദിയില്‍ ഇരിക്കരുത് എന്നോകെ ആവശ്യപെട്ടുന്ന ആര്യ ഭാരത സന്യാസ സംഘങ്ങളും തമ്മില്‍ എന്ത് വത്യാസം ആണുള്ളത്? താമസിയാതെ പെണ്ണുങ്ങള്‍ക് ചിന്തിച്ചും പഠിച്ചും സ്വയം ആവിഷ്‌കരിച്ചും ഒന്നും കഷ്ടപെടെണ്ടി വരില്ല.” അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീദേവി.എസ്.കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.