| Sunday, 21st August 2022, 10:17 pm

ട്രാന്‍സ്‌ഗ്രെസീവോ ട്രോന്‍സ്‌ഫോബിക്കോ? സംശയങ്ങള്‍ ബാക്കിയാക്കുന്ന മൈക്ക്

അമൃത ടി. സുരേഷ്

അനശ്വര രാജന്‍ നായികയായ മൈക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആണാവാന്‍ ശ്രമിക്കുന്ന സാറയിലൂടെയാണ് ചിത്രം തുടങ്ങുന്നതും മുന്നോട്ട് പോകുന്നതും. ട്രാന്‍സ് കമ്മ്യൂണിറ്റിയെ പറ്റിയൊക്കെ ഡിസ്‌കഷനുണ്ടാക്കിയേക്കും എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമ തുടങ്ങുന്നതെങ്കിലും നായകനും നായികയും തമ്മിലുള്ള ബന്ധത്തിലേക്കാണ് പിന്നീട് കേന്ദ്രീകരിക്കപ്പെടുന്നത്.

SPOILER ALERT

ട്രാന്‍സ് കമ്മ്യൂണിറ്റിയെ പറ്റി ഇപ്പോഴും തെറ്റിദ്ധാരണകളുള്ള സമൂഹത്തില്‍ അവരെ പറ്റി അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ നല്ല സാധ്യതയുള്ള കഥയായിരുന്നു മൈക്കിന്റേത്. എന്നാല്‍ സെക്ഷ്വാലിറ്റിയെ പറ്റിയുള്ള ആശങ്കകളും ലിംഗമാറ്റ ശസ്ത്രക്രിയയും അതിനിടക്ക് വരുന്ന നായകനും അവന്റെ ഫ്‌ളാഷ് ബാക്കും പിന്നെ നായികയുമായി ഡെവലപ്പ് ചെയ്യുന്ന ബന്ധവുമൊക്കെ കൂട്ടികുഴച്ച് അവിയല്‍ പരുവത്തിലായ തിരക്കഥയാണ് മൈക്കിന്റേത്.

സാറയുടെ സെക്ഷ്വലിറ്റിയെ പറ്റി അവള്‍ക്കുള്ളത് പോലെ തന്നെ പ്രേക്ഷകര്‍ക്കും ആശയകുഴപ്പങ്ങളുണ്ടാവുന്നുണ്ട്. ആണുങ്ങളെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാറ ട്രാന്‍സ് മെന്നാവാനുള്ള സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുകയും അക്കാര്യം അമ്മയോട് തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. ഒപ്പം സാറ പെണ്‍കുട്ടികളോട് താല്‍പര്യം കാണിക്കുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്.

പിന്നീട് ആ താല്‍പര്യം നായകനിലേക്കാണ് എത്തി നില്‍ക്കുന്നത്. ട്രാന്‍സ് കമ്മ്യൂണിറ്റിയെ പറ്റി വേണ്ട വിധം പഠിക്കാതെയോ റിസര്‍ച്ച് ചെയ്യാതെയോ ആണ് തിരക്കഥാകൃത്ത് മൈക്കിന്റെ കഥ എഴുതിയതെന്ന് തോന്നി.

ചിത്രത്തിന്റെ ഒടുക്കത്തിലേക്ക് വരുമ്പോള്‍ പുരുഷാധിപത്യമായ സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ടാണ് സാറക്ക് ആണാവണമെന്ന തോന്നലുണ്ടായത് എന്ന നിലക്കാണ് നീങ്ങുന്നത്. ഇതിലൂടെ ട്രാന്‍സ് കമ്മ്യൂണിറ്റിയെ പറ്റി നിരവധി തെറ്റിദ്ധാരണകളുള്ള സമൂഹത്തിന് പറയാനും കുറ്റപ്പെടുത്താനും ഒരു കാരണം കൂടി നല്‍കുകയാണ് സിനിമ. ഇനി എല്ലാത്തിനുമിടക്ക് നില്‍ക്കുന്ന ഗ്രേ ഷേഡിലാണ് സഞ്ചരിക്കാനുദ്ദേശിക്കുന്നതെങ്കില്‍ ആ രീതിയിലുമുള്ള ചര്‍ച്ചകളോ വേണ്ടവിധമുള്ള രംഗങ്ങളോ ചിത്രത്തിലില്ല. അങ്ങനെയൊരു ഗ്രേ ഷേഡില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയെ പറ്റി ചര്‍ച്ച ചെയ്യാനും മാത്രം  നമ്മുടെ സമൂഹം വികസിച്ചിട്ടുണ്ട് എന്നും തോന്നുന്നില്ല.

ഇതൊരു ട്രാന്‍സ് പേഴ്‌സന്റെ കഥയല്ല ഒരു സ്ത്രീയുടെ കഥയാണ് എന്നാണ് ന്യായീകരണമെങ്കില്‍ ചാന്ത്‌പൊട്ട് ട്രാന്‍സ്‌ഫോബിക്കല്ല എന്ന് വാദിക്കാന്‍ ലാല്‍ജോസും ഇത്തരത്തിലൊരു കാരണം തന്നെയാണ് പറഞ്ഞത്.

ചിത്രത്തിന്റെ ഒടുക്കവും കണ്‍ഫ്യൂഷനിലാണ് അവസാനിക്കുന്നത്. ക്ലൈമാക്‌സില്‍ ഒരു ട്രാന്‍സ്മെനിനെ കൊണ്ട് വന്ന് സംസാരിപ്പിച്ചത് ട്രാന്‍സ്‌ഫോബിക് കണ്ടന്റായേക്കാമോയെന്ന പേടിയിലുള്ള ബാലന്‍സിങ്ങായിട്ടാണ് തോന്നിയത്. ഒടുവില്‍ സാറക്കുണ്ടാകുന്ന മാറ്റത്തിന്റെ കാരണം നായകനാണോ അതോ സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ടുണ്ടായ തെറ്റിദ്ധാരണയാണോ എന്നൊരു സംശയവും ബാക്കിയാവുന്നുണ്ട്.

Content Highlight: Transgressive or transphobic? leaving doubts in mike

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more