തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. നിലയ്ക്കലിലെത്തിയ സംഘം അല്‍പ്പസമയത്തിനുള്ളില്‍ ഇവര്‍ പമ്പയിലെത്തും.സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തുന്നത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്.
കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തെ എരുമേലിയില്‍ വെച്ച് പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പൊലീസിന്റെ നിലപാട്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചത്. പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനെതിരെ അവര്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം നിരീക്ഷക സമിതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണോ എന്നു പരിശോധിക്കുമെന്നു ഡി.ജി.പി ഹേമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.
ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രവേശിക്കുന്നതിനു തടസമില്ലെന്നു തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു.