താമസിക്കാന്‍ വീടില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു; ചിലര്‍ ലൈംഗികവൃത്തിയിലേക്ക് തന്നെ മടങ്ങിയെന്നും വെളിപ്പെടുത്തല്‍
Daily News
താമസിക്കാന്‍ വീടില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു; ചിലര്‍ ലൈംഗികവൃത്തിയിലേക്ക് തന്നെ മടങ്ങിയെന്നും വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2017, 3:36 pm

 

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കിയതിലൂടെ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റിയ കൊച്ചി മെട്രോയില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൊഴിഞ്ഞു പോകുന്നു. ജോലി ലഭിച്ച 21 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെട്രോയില്‍ നിന്നുള്ള ശമ്പളത്തിന് നഗരത്തില്‍ താമസത്തിന് സൗകര്യം ലഭിക്കാത്തതാണ് ഇവരുടെ ദുരവസ്ഥയ്ക്ക് കാരണം. താമസസ്ഥലത്തിന് ഉയര്‍ന്ന വാടക നല്‍കേണ്ട അവസ്ഥയായതോടെ ഇവരില്‍ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയതായി ട്രാന്‍സ്‌ജെന്‍ഡറുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തി.


Also Read: കൊച്ചി മെട്രോയിലെ ‘പാമ്പ്’; പ്രചരിക്കുന്നത് ബധിരനും മൂകനുമായ വ്യക്തിയുടെ ചിത്രം


ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ ഇവര്‍ക്ക് താമസത്തിന് മുറികള്‍ നല്‍കാന്‍ പലര്‍ക്കും മടിയാണ്. ഒരു ദിവസം 600 രൂപയോളം വാടക നല്‍കി ലോഡ്ജുകളിലാണ് ഇവര്‍ കഴിയുന്നത്. ഈ രീതിയില്‍ ഏറെ നാള്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ചുള്ള വീടുകളോ മുറിയോ താമസിക്കാനായി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെ ടിക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗഞ്ജിനി പറയുന്നു. ഇത് കൂടാതെ തൊഴിലിടത്തെ ഒറ്റപ്പെടുത്തലും ഇവരില്‍ പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മനം മടുത്താണ് ഇവരോടൊപ്പമുള്ള പലരും ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലിലേക്ക് പോലും തിരിയുന്നത്.


Don”t Miss: ‘ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക’പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്


അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തിയും അഭിനന്ദനവും നേടിയ കൊച്ചി മെട്രോയുടെ നടപടിയാണ് ഉദ്ഘാടനത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാളുന്നത്. സര്‍ക്കാറും അധികൃതരും പ്രശ്‌നത്തില്‍ ഉടന്‍ തന്നെ ഇടപെടണമെന്നാണ് പൊതുവേയുള്ള ആവശ്യം.

വീഡിയോ റിപ്പോര്‍ട്ട് കാണാം:
(കടപ്പാട് – മനോരമ)