തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനൊരുങ്ങി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായാണ് മല കയറുന്നതെന്നും വ്രതമെടുത്താണ് പോകുന്നതെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു.
“”വിശ്വാസത്തിന്റെ പുറത്താണ് പോകുന്നത്. ഏഴോളം പേര്‍ പോകാനാണ് തീരുമാനിച്ചത്. എല്ലാരും വ്രതമെടുക്കുന്നുണ്ട്. ആര്‍ത്തവം ഒരിക്കലും അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവം ഇല്ലെങ്കില്‍ ഇന്ന് ഭൂമിയില്ല. അതിനെ വിശുദ്ധിയായി കാണണം. ട്രാന്‍സ് യുവതികളെ സംബന്ധിച്ച് ആര്‍ത്തവം വിഷയമല്ല. കാരണം അവര്‍ ആര്‍ത്തവം ഇല്ലാത്ത വ്യക്തികളാണ്. ഏത് തരത്തിലാണ് പ്രതിഷേധക്കാര്‍ പ്രതിഷേധിക്കാന്‍ പോകുന്നത് എന്നുള്ളത് നമുക്ക് അറിയില്ല. പ്രതിഷേധിക്കുകയാണെങ്കില്‍ തന്നെ അതില്‍ ഒരു ലോജിക്കും ഇല്ലാതായിപ്പോകും.””- ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു.
സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പോസിറ്റീവായ നടപടിയാണ് ലഭിച്ചിരിക്കുന്നതെന്നും ഇവര്‍ പറുന്നു. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. ശബരിമലയ്ക്ക് പോയി അയ്യപ്പദര്‍ശനം നടത്തി തിരിച്ചുമടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. – ഇവര്‍ പറഞ്ഞു.
അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഷയത്തില്‍ നിലപാടില്ലെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. തന്ത്രിയുടേയും ദേവസ്വംബോര്‍ഡിന്റേയും യോഗം കൂടി തീരുമാനമെടുക്കണം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വിഷയത്തില്‍ തത്ക്കാലം നിലപാടില്ല. തന്ത്രി ദേവസ്വം ബോര്‍ഡ് ദേവപ്രശ്‌നം ഇവയെല്ലാം മുന്‍നിര്‍ത്തി തീരുമാനമെടുക്കണം.
ഇവരെ തടയാനുള്ള അവകാശമില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് നിലപാടുണ്ടായിട്ടില്ല. എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് നിലപാടെടുക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.