| Tuesday, 20th June 2017, 12:53 pm

ഓടി തുടങ്ങിയതേ ഉള്ളൂ, അപ്പോഴേക്കും 'പണി മുടക്കി' തുടങ്ങി; ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഭിന്നലിംഗക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉദ്ഘാടന ഓട്ടത്തിനു പിന്നാലെ തന്നെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്‌ക്കെതിരെ ആരോപണം. മെട്രോ റെയിലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഒരു മാസത്തെ പരിശീലനത്തിന് ശേഷം വ്യക്തമായ കാരണം അറിയിക്കാതെ ഒഴിവാക്കിയതെന്ന് ഭിന്നലിംഗക്കാരായ ആതിരയും (47) യും ശാന്തിയും (52) പറഞ്ഞു. 23 പേര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ജോലി നല്‍കിയതാകട്ടെ 12 പേര്‍ക്ക് മാത്രമാണെന്നും അത് മറ്റുള്ളവരെ കളിയാക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.

എറണാകുളം ജില്ലക്കാരായിട്ടും തങ്ങളെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അവര്‍ ചോദിക്കുന്നു. മെ്‌ട്രോയിലെ ജോലി പ്രതീക്ഷിച്ച് ഉണ്ടായിരുന്ന ജോലി കളഞ്ഞാണ് ഇരുവരും വന്നത്. ആറു വര്‍ഷത്തോളം ഒരു ആഡംബര ഹോട്ടലില്‍ ജോലി എടുത്തിരുന്ന ശാന്തി മെട്രോ ഉദ്ഘാടനത്തിനായി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. തയ്യല്‍ പണി ചെയ്താണ് ആതിര ജീവിച്ചിരുന്നത്.


Also Read: ‘വെള്ളത്തില്‍ ചാടി ചാവരുതോ?, അച്ഛനെന്നും അച്ഛന്‍ തന്നെയാണ്’; ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയേയും വിരാട് കോഹ്‌ലിയേയും ബോളിവുഡ് താരങ്ങളേയും കടന്നാക്രമിച്ച പാക് അവതാരകന്‍


ജോലി ലഭിക്കാതെയായപ്പോള്‍ അസിസ്റ്റന്‍ഡ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും ജോലി ഉറപ്പാക്കും എന്നായിരുന്നു മറുപടി. എന്നാല്‍ മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും തങ്ങളെ നിയമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മെട്രോയിലെ പരിശീലന സമയത്ത് വിദ്യാഭ്യാസവും പ്രായവും പ്രശ്നമല്ല എന്നായിരുന്നു പറഞ്ഞത്.

അതേസമയം, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനാലാണ് ആദ്യ ഘട്ടത്തിനു ശേഷം രണ്ട് പേരെ ഒഴിവാക്കിയതെന്ന് കെ.എം.ആര്‍.എല്‍ പറഞ്ഞു. 11 സ്റ്റേഷനുകളിലായി ഇപ്പോള്‍ 18 പേരാണ് ജോലി ചെയ്യുന്നത്. പരിശീലനത്തിനു ശേഷം തെരഞ്ഞെടുത്തതില്‍ കുറേ പേര്‍ പിന്നീട് ജോലിയില്‍ നിന്ന് പിന്മാറിയെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more