| Tuesday, 3rd November 2020, 2:52 pm

എറണാകുളത്ത് ബിരിയാണി കച്ചവടം പുനരാരംഭിച്ച് ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജന ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജന ഷാജി വഴിയരികിലെ തന്റെ ബിരിയാണി കച്ചവടം പുനരാരംഭിച്ചു. നേരത്തെ വിവാദങ്ങളില്‍ മനംനൊന്ത് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അമിതമായ നിലയില്‍ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്നായിരുന്നു സജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമാ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേരാണ് സജനക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

എന്നാല്‍ ഇതിന് പിന്നാലെ സജനയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ ഫേസ്ബുക്ക് വീഡിയോ വഴി സജനയും സുഹൃത്തുക്കളും ചേര്‍ന്ന് പണം സമാഹരിക്കാനായി നടത്തിയ നാടകമായിരുന്നെന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സജനക്കെതിരെ വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിരുന്നു. ഈ വിവാദങ്ങളാണ് സജനയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.

തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമായിരുന്നു സജന ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും സജന വീഡിയോ വഴി അറിയച്ചിരുന്നു.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സജനയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സജനയ്ക്ക് പിന്തുണയുമായി നടി നസ്രിയ നസീമും രംഗത്തെത്തിയിരുന്നു. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജനയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പം നടന്‍ ഫഹദ് ഫാസിലും നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

വിഷയം ചര്‍ച്ചയായതോടെ സജനയ്ക്ക് ബിരിയാണി കട തുടങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞ് നടന്‍ ജയസൂര്യയും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സജനയെ കച്ചവടം ചെയ്യാന്‍ അനുവദിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Transgender woman Sajana Shaji,  resumes her biryani business in Ernakulam

We use cookies to give you the best possible experience. Learn more