| Saturday, 26th March 2022, 11:14 am

ഉത്തരവാദിത്തം അഭിമാനമെന്ന് ലയ; ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തെരഞ്ഞെടുത്തു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സനാണ് കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളത്തിലാണ് ലയ തെരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്റാണ് 30കാരിയായ ലയ.
ഡി.വൈ.എഫ്.ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കി.

തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെ നിര്‍വഹിക്കുമെന്ന് ലയ പറഞ്ഞു.

‘ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും എന്റെ അംഗത്വം കരുത്തുനല്‍കും. പാര്‍ട്ടിയില്‍ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്,’ ലയ കൂട്ടിച്ചേര്‍ത്തു.

2016ലാണ് ലയ തന്റെ സ്വത്വം വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 2019ലാണ് ഡി.വൈ.എഫ്.ഐ അംഗത്വം എടുക്കുന്നത്.

CONTENT HIGHLIGHTS:  Transgender woman joins DYFI District Committee

We use cookies to give you the best possible experience. Learn more