| Thursday, 2nd August 2018, 7:27 pm

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ നെഞ്ചോട് ചേര്‍ത്ത് മഹാരാജാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എറണാകുളം മഹാരാജാസ് കോളേജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി അഡ്മിഷന്‍ എടുത്തു.

നെന്മാറ സ്വദേശി പ്രവീണ്‍ നാഥാണ് മഹാരാജാസില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പ്രവേശനം നേടിയത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ് തന്നെപ്പോലുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് പ്രവീണ്‍ നാഥ് പറഞ്ഞു.


Read:  തകര്‍ന്ന കെട്ടിടത്തിന്റെ ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു; 13 പേരെ രക്ഷപ്പെടുത്തി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു


മഹാരാജാസ് പോലൊരു ക്യാമ്പസ് അതിന് മുന്‍കൈ എടുക്കുന്നത് സന്തോഷകരമാണെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സഹപാഠിയായി വരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ക്ലാസിലെ മറ്റുകുട്ടികള്‍ പറഞ്ഞു.

പ്രവീണ എന്നായിരുന്നു പ്രവീണ്‍ നാഥിന്റെ നേരത്തെയുള്ള പേര്. നെന്മാറ എന്‍.എസ്.എസ് കോളേജില്‍ ബി.എ എക്കണോമിക്‌സ് വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ താനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തിയതോടെ പഠനം തുടരാന്‍ സാധിക്കാതെയാവുകയായിരുന്നു.

അവിടെ എന്റെ ഐഡന്റിറ്റി തുറന്നുപറയുന്നതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷം പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെ ഭാഗത്തുനിന്നും മോശം സമീപനമായിരുന്നു. പക്ഷേ, വിദ്യാര്‍ഥികള്‍ വലിയ പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍, നിയമപരമായി പരിരക്ഷയൊന്നും ലഭിക്കാത്തതിനാല്‍ രണ്ടാം വര്‍ഷത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നെന്ന് പ്രവീണ്‍ പറയുന്നു. പിന്നീട് പഠനം തുടരാനാവുമെന്ന് കരുതിയിരുന്നതല്ല. വിദ്യാഭ്യാസം മാത്രമാണ് ഞങ്ങളെ പോലുള്ളവര്‍ക്ക് മുന്നിലുള്ള ഏക വഴി.

മഹാരാജാസ് കോളേജില്‍ ഇങ്ങനെയൊരു അവസരമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ പഠനത്തിന് അപേക്ഷിക്കുകയായിരുന്നു. സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ഞങ്ങള്‍ക്ക് മുന്നോട്ടു വരാനുള്ള പ്രചോദനം കൂടിയാണ്. പ്രവീണ്‍ വ്യക്തമാക്കി.


Read:  തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചപ്പോള്‍ വേളി കടപ്പുറത്തടിഞ്ഞത് 11,773 പ്ലാസ്റ്റിക് ബോട്ടിലുകള്‍


സര്‍ക്കാര്‍ ഉത്തരവിന് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന ആദ്യത്തെ കോളേജ് മഹാരാജാസ് ആയിരിക്കുമെന്ന് പ്രിന്‍സിപ്പള്‍ കെ.എന്‍. കൃഷ്ണകുമാര്‍ പറഞ്ഞു.

പ്രവീണ്‍ നാഥ് ഉള്‍പ്പെടെ ഈ വര്‍ഷം മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കോളേജില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും ഇവര്‍ക്കാവശ്യമായ പ്രത്യേക ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more