കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതായി കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍.ജി.ബി.ടി.ക്യു സംഘടനകളുടെ മുന്‍കൈയില്‍ മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നു.
കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അതിക്രമങ്ങള്‍ കൊലപാതകളില്‍ ചെന്ന് അവസാനിക്കുകയാണെന്നും ട്രാന്‍സ്ജെന്റര്‍ സൗഹൃദമെന്ന് പറയപ്പെടുന്ന കേരളത്തില്‍ ഇതു വരെ തങ്ങള്‍ക്ക് ജീവിക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നും വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിന്ന് തങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊണ്ട് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ സിസിലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ജീവിക്കാന്‍ വേണ്ടി വ്യത്യസ്തങ്ങളായ വേഷം കെട്ടേണ്ടി വരുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് നേരെ എന്ത് ആക്രമണങ്ങളുണ്ടായാലും ആരും ഇടപെടാറില്ല. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ പൊലീസുകാര്‍ ഞങ്ങളെ പരിഹസിക്കാറാണ് പതിവ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്. അതിലൊന്നില്‍ പോലും കാര്യമായ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. തങ്ങള്‍ക്കെതിരെ നേരെ എന്ത് അക്രമം കാണിച്ചാലും ഒരു കുഴപ്പവുമില്ല എന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് സമൂഹത്തിന് നല്കുന്നത്. അത്കൊണ്ട് കൂടിയാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതും.” ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ നേഹ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മരിച്ച ശാലു കഴിഞ്ഞ ദിവസം പകല്‍ തന്നെ വിളിച്ചിരുന്നതായും ഇവരെ ആരോ ആരോ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായും സിസിലി പൊലീസിനോട് പറഞ്ഞു.
കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ശാലുവിനെ ഇന്ന് രാവിലെയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള ഇടവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ പത്ര വിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടതന്നതെന്നാണ് നിഗമനം. കഴുത്തില്‍ തുണി കൊണ്ടുള്ള കുരുക്ക് മുറുകിയ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. ശരീരത്തില്‍ പോറലേറ്റ അടയാളങ്ങളുണ്ട്. മരിച്ച ആള്‍ക്ക് 35 വയസ്സിനടുത്ത് പ്രായം വരും. മലപ്പുറത്തെ കുറ്റിപ്പുറത്തിനടുത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
മൈസൂരില്‍ നിന്ന് അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ശാലു ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുരുന്നുവെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ.വി ജോര്‍ജ്ജ് സ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല.