| Sunday, 16th December 2018, 8:05 am

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേസിനെയും പൊലീസ് തിരിച്ചയച്ചു; പീഡിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ  4 ട്രാന്‍സ്‌ജെന്‍ഡേസിനെ  പൊലീസ് തിരിച്ചയച്ചു. എരുമേലിയില്‍ വെച്ചാണ് സംഘത്തെ പൊലീസ് തിരിച്ചയത്. ഇവരിപ്പോള്‍ കോട്ടയത്താണുള്ളത്. സ്ത്രീ വേഷത്തില്‍ മല കയറാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. പുരുഷവേഷം ധരിക്കാനും തങ്ങളെ നിര്‍ബന്ധിച്ചതായി സംഘം പറയുന്നു.

അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പോലീസ് തടഞ്ഞത്. എന്നാല്‍ ആണ്‍ വേഷം ധരിക്കാന്‍ തയ്യാറായിട്ടും പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി. ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ആവില്ലെന്ന് പൊലീസ് പറഞ്ഞു.

Also Read ശബരിമല ദര്‍ശനത്തിനൊരുങ്ങി ട്രാന്‍സ് ജെന്‍ഡേഴ്‌സ്; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

വനിതാ പൊലീസ് അടക്കം പൊലീസ് സേന തങ്ങളെ പീഡിപ്പിച്ചു എന്നും സംഘം പരാതിപ്പെട്ടു. എരുമേലി ഡി.വൈ.എസ്.പി തങ്ങളെ മാനസികമായി പീഡിപ്പിച്ചു എന്നും സംഘം പറഞ്ഞു. എന്നാല്‍ വേഷം മാറാന്‍ ആവശ്യപ്പെട്ടിട്ടും മാറ്റാന്‍ തയ്യാറാത്തതിനാലാണ് തിരിച്ചയച്ചതെന്ന് പൊലീസ് പറഞ്ഞു.

ശബരിമല ദര്‍ശനം നടത്തിയേ തിരിച്ചു പോകൂ എന്നാണ് ഇവരുടെ നിലപാട്. തന്ത്രിയുമായി ചര്‍ച്ച നടത്തി ശബരിമല ദര്‍ശനം നടത്താനാണ് സംഘത്തിന്റെ പദ്ധതി. മുമ്പ് തങ്ങള്‍ക്ക് ശബരിമലദര്‍ശനത്തിന് യാതൊരു തടസ്സങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.

സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പത്തനംതിട്ട കളക്ടര്‍ക്കും കത്ത് നല്‍കിയതിന് ശേഷമാണ് ഇവര്‍ മലകയറാനെത്തിയത്. വിശ്വാസത്തിന്റെ ഭാഗമായാണ് മല കയറുന്നതെന്നും വ്രതമെടുത്താണ് പോകുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more