| Monday, 6th February 2023, 11:21 am

ട്രാന്‍സ്ജന്‍ഡര്‍ വിവാഹം; വിവാഹ ഭേദഗതി നിയമത്തില്‍ മാറ്റം കൊണ്ടുവന്നേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാഹനിയമങ്ങളില്‍ ട്രാന്‍സ്ജന്‍ഡറുകളെ ഉള്‍പ്പെടുത്തി ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  വിവാഹങ്ങളില്‍ നിരവധി അവ്യക്തതകളും നിയമതടസങ്ങളും നേരിടുന്ന പശ്ചത്തലത്തിലാണ് ഈ തീരുമാനമെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

2008ലെ കേരള വിവാഹ ഭേദഗതി നിയമമാണ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഭേദഗതി വരുത്തുവാന്‍ ആലോചിക്കുന്നത്.

നിയമത്തിനു മുന്നില്‍ ലിംഗവ്യത്യാസങ്ങള്‍ ഇല്ലെന്നും നിയമം ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളെ കൂടി ഉള്‍ക്കൊള്ളേണ്ടതാണെന്നും അഡ്വ. നിഹാരിക ഹേമ രാജ് അഭിപ്രായപ്പെട്ടു.

കാസര്‍കോഡ് നീലേശ്വരം സ്വദേശികളായ ട്രാന്‍സ്ജന്‍ഡര്‍ പങ്കാളികളായ സന്ദീപും പൂര്‍ണ്ണിമയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാല്‍ നിയമ തടസം ആരോപിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്റ്റാര്‍ അനുവദിച്ചില്ല. 1955ലെ ഹിന്ദു വിവാഹ നിയമങ്ങളില്‍ വിവാഹിതരുടെ പ്രായമേ സൂചിപ്പിക്കുന്നുള്ളൂവെന്നും ലിംഗം സൂചിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍ രജിസ്റ്റാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി ലഭിച്ചത്.

ഇത് ഒരു പൊതു ഉത്തരവായി ഇറക്കുകയും ചെയ്തു. ഉത്തരവ് സ്വാഗതാര്‍ഹമാണെങ്കിലും അതില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റുകളും രംഗത്തു വന്നു. അവ്യക്തതകള്‍ മാറ്റി ഉത്തരവ് കൃത്യതയുള്ളതാക്കി മാറ്റണമെന്നും ആക്ടിവിസ്റ്റുകളായ സൂര്യ ഇഷാന്‍, ശ്യാമ എന്നിവര്‍ ആവശ്യപ്പെട്ടത്.

നിലവില്‍ സംസ്ഥാനത്തെ പല ട്രാന്‍സ്ജന്‍ഡര്‍  പങ്കാളികളും അവരുടെ പഴയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന് കാണുമ്പോള്‍ അപേക്ഷ നിരസിക്കുന്ന പ്രവണത കൂടുതലാണ്. അതുകൊണ്ട് തന്നെ പലരും ലിംഗമാറ്റത്തിനു മുമ്പുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് സമര്‍പ്പിക്കുന്നത്.

നിയമ സംവിധാനങ്ങളില്‍ മാത്രമല്ല പൊതു ഇടങ്ങളിലും ട്രാന്‍സ്ജന്‍ഡര്‍ വിവാഹങ്ങള്‍ക്ക് തടസങ്ങള്‍ നേരിടുന്നുണ്ട്. പാലക്കാട് കൊല്ലങ്കോട് ക്ഷേത്രത്തിലെ നിലന്‍ കൃഷ്ണയുടെയും അദ്വികയുടെയും വിവാഹം തടഞ്ഞത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഈയൊരു സാഹചര്യത്തില്‍ നിയമഭേദഗതിയുടെ സാധ്യതയും വര്‍ധിക്കുന്നു.

Content Highlight: transgender marriage; The Marriage Amendment Act may bring about a change in the law

We use cookies to give you the best possible experience. Learn more