| Sunday, 27th February 2022, 9:58 am

ഹിജാബ് വിവാദം; മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ണാടകയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക ഹിജാബ് വിഷയത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാന്‍സജെന്‍ഡര്‍ സമൂഹം. ഹിജാബിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നടത്തിയ മാര്‍ച്ചില്‍ 100ലേറെ പേരാണ് പങ്കെടുത്തത്.

ശനിയാഴ്ച ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഫ്രീഡം പാര്‍ക്കിലാണ് സമാപിച്ചത്. ഭരണഘടന അനുവദിക്കുന്ന അന്തസും സ്വാതന്ത്ര്യവും ഉയര്‍ത്തി പിടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ കര്‍ണാടകയില്‍ പലയിടത്തും സ്ത്രീകളുടെ മൗലികാവകാശങ്ങളും വിദ്യാഭ്യാസ അവകാശവും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനികളോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു.

ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റണമെന്നും ക്ലാസ് നഷ്ടമായവര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് നല്‍കണമെന്നും മാധ്യമവേട്ട അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൂടാതെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ദര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കാലാകാരന്മാര്‍ തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹരജി കോടതി വിധി പറയാനായി മാറ്റി. പതിനൊന്ന് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹരജിയില്‍ അന്തിമ വിധി പ്രസ്താവനത്തിനായി മാറ്റിയത്.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ശബരിമല, മുത്തലാഖ് വിധികളും തങ്ങളുടെ വാദത്തിന് ആധാരമായി കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.


Content Highlight: transgender march on supporting musslim students in karnataka

We use cookies to give you the best possible experience. Learn more