ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനത്തിന് പദ്ധതികള്‍ മാത്രം പോര; നടപ്പിലാക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകകൂടി വേണം
Gender Equity
ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനത്തിന് പദ്ധതികള്‍ മാത്രം പോര; നടപ്പിലാക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകകൂടി വേണം
ജംഷീന മുല്ലപ്പാട്ട്
Monday, 6th August 2018, 2:40 pm

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് വളരെ സന്തോഷത്തോടെയാണ് കമ്മ്യൂണിറ്റിയിലുള്ളവര്‍ സ്വാഗതം ചെയ്യുന്നത്. എന്നിരുന്നാലും പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളും കമ്മ്യൂണിറ്റിയിലുള്ളവര്‍ പങ്കുവെക്കുന്നുണ്ട്. അതിന് പ്രധാന കാരണം പല പദ്ധതികളും ഇന്നും പാതിവഴിയിലാണ് എന്നതാണ്.

ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിക്കഴിഞ്ഞ് മാസങ്ങള്‍ക്കകം ട്രാന്‍സ്ജെന്‍ഡര്‍ പോളിസി കേരളത്തില്‍ നടപ്പാക്കി. ഇത് ഒരു സര്‍ക്കാരിന്റെ വിജയം മാത്രമല്ല, മറിച്ച് കാലങ്ങളായി ഒരു ജനവിഭാഗത്തിന്റെ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു.

Read:  ഇന്തൊനേഷ്യ ഭൂകമ്പം: മരണം 91, ടൂറിസ്റ്റുകളെ ഒഴിപ്പിക്കുന്നു, സുനാമിക്ക് സാധ്യത

മാനസികമായും ശാരീരികമായും ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വമുള്ള ജനവിഭാഗം സഹിച്ചുപോന്നിരുന്ന തീരാ ദുരിതത്തില്‍ നിന്നും അപമാനത്തില്‍ നിന്നും അവഹേളനത്തില്‍ നിന്നും മോചനമുണ്ടാകും എന്ന പ്രതീക്ഷ കൊടുക്കുന്നതായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ പ്രഖ്യാപനം. എന്നാല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലെ പോളിസിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍വരുത്താന്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് വലിയൊരു പ്രതിസന്ധിയായി കേരളത്തിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ അഭിമുഖീകരിക്കുന്നുമുണ്ട്.

ഏറ്റവും ഒടുവിലായി ലിംഗമാറ്റ ശസ്ത്രകിയയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വരെ എത്തിനില്‍ക്കുന്നു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്ന സഹായ സഹകരണങ്ങള്‍. കേരളത്തില്‍ 50000ത്തില്‍ കൂടുതല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ ഉണ്ടെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിലെ കണക്ക്. 2016ലെ ബജറ്റില്‍ 10 കോടി രൂപ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചായിരുന്നു സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞത്.

Read:  മഞ്ചേശ്വരത്തേത് എല്‍.ഡി.എഫ് അധികാരത്തിലെത്തിയശേഷം ബി.ജെ.പി-ആര്‍.എസ്.എസ് സംഘം നടത്തുന്ന പതിനേഴാമത്തെ കൊലപാതകം: കോടിയേരി ബാലകൃഷ്ണന്‍

എന്നാല്‍ വിവിധ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഈ ഫണ്ട് ലാപ്സായിപ്പോവുകയാണ് ഉണ്ടായത്. ഇതില്‍ നിന്ന് ഒരുരൂപ പോലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കിട്ടിയിട്ടില്ല. ഫണ്ടിനെ നേരായ രീതിയില്‍ വിനിയോഗിക്കാന്‍ പറ്റാത്ത കാരണം ഫണ്ട് വകമാറ്റുകയാണ് ഉണ്ടായത്.
ട്രാന്‍സ് സൗഹൃദ കേരളത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും പൊലീസിന്റെ ഭാഗത്തു നിന്നും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പീഡനമേല്‍ക്കുകയും മറ്റും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ക്ക് ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ചുള്ള അവബോധ ക്ലാസ് വരെ നല്‍കേണ്ടി വന്നു.

തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കേരളത്തില്‍ അഭിമത്തോടെയും സുരക്ഷിതത്തോടെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ നിരവധി പ്ലാറ്റ് ഫോമുകള്‍ ഉണ്ടാക്കുകയു ചെയ്തു. അതില്‍ പ്രധാനപ്പെട്ടതാണ് -ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ മുഖ്യധാരാ സമൂഹത്തിലെത്തിക്കുന്നതിനുമായി സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും ജില്ലാതല ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും വെല്‍ഫെയര്‍ ബോര്‍ഡും. ട്രാന്‍സ് അംഗങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ബോധിപ്പിക്കാനുള്ള നിയമ സംവിധാനം കൂടിയാണിത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 6 ജില്ലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സേഫ്റ്റി ഹോം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശ്രദ്ധയും പരിചരണവും നല്‍കുന്ന അഫിര്‍മേഷന്‍ കെയര്‍ഹോം എന്നിവ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സേഫ്റ്റി ഹോമുകള്‍ സ്ഥാപിക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്.

Read:  കഴുത്തറുത്താലും മുസ്‌ലിമായി തുടരും; യുവാവിന്റെ താടി വടിപ്പിച്ചവരെക്കൊണ്ട് ഇസ്‌ലാം മതം സ്വീകരിപ്പിക്കും: അസദുദ്ദീന്‍ ഒവൈസി

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ജന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ട്രാന്‍സ്ജന്‍ഡര്‍ സെല്‍ രൂപീകരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത സംവിധാനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനും വേണ്ടതരത്തില്‍ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നത്്. ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനമുണ്ട്. ഷീടാക്‌സി പോലുള്ള സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനും മറ്റ് നൂതന പദ്ധതികള്‍ തുടങ്ങുന്നതിനും ആവശ്യമായ പ്രൊപ്പോസലുകളാണ് ഈ പദ്ധതിയില്‍ സ്വീകരിക്കുന്നത്.

കൂടാതെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും എല്ലാ കോളേജുകളിലും 3 പേര്‍ക്ക് സീറ്റും നല്‍കുന്നുണ്ട്. കമ്മ്യൂണിറ്റിയിലെ എല്ലാവര്‍ക്കും ഐ.ഡി കാര്‍ഡ്, സാക്ഷരതാ മിഷന്‍ കോഴ്സ്, ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടില്ലാത്തവര്‍ക്ക് വീട് എന്നിവ നല്‍കാനും ഉത്തരവായിട്ടുണ്ട്. എന്നാല്‍ ഇത്രയും അധികം പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും പല പദ്ധതികളും നടപ്പാക്കുന്നത് വളരെ വൈകിയാണ്.

പല പദ്ധതികളും പ്രായോഗത്തില്‍ വരുത്താന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് കമ്മ്യൂണിറ്റി പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ശീതള്‍ ശ്യാം പറയുന്നത്. പ്രധാന കാരണമായി പറയുന്നത് ഒരു ചെറിയ സഹായം ലഭിക്കണമെങ്കില്‍ തന്നെ നിരവധി ഓഫീസുകള്‍ കയറി ഇറങ്ങണമെന്നാണ്. ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയില്‍ മുന്നോട്ടു വെച്ചിരുന്ന ഒട്ടുമിക്ക പദ്ധതികളെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

പോളിസിയില്‍ ചൂണ്ടിക്കാണിച്ചിരുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന് വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക എന്നതാണ്. കേരളത്തില്‍ നടത്തിയ സര്‍വേ പ്രകാരം ട്രാന്‍സ് കമ്യൂണിറ്റിയില്‍പ്പെട്ട 64 ശതമാനവും സ്‌കൂള്‍ ഡ്രോപ് ഔട്ട് ആണ്. അവരൊന്നും പഠിക്കാന്‍ താത്പര്യമില്ലാതെ നിര്‍ത്തിപ്പോയതല്ല, പഠിക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെടുകയായിരുന്നു. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും നിരന്തരം കേള്‍ക്കുന്ന പരിഹാസങ്ങള്‍, പീഡനങ്ങള്‍, തെറ്റു ചെയ്തില്ലെങ്കിലും കുറ്റക്കാരെന്നു പേരു കേള്‍ക്കേണ്ടി വരുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ട്രാന്‍സ് വിദ്യാര്‍ഥികളെ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു.

Read:  സംരക്ഷകരായി എത്തുന്ന ചേട്ടന്മാരും ക്യാമ്പസുകളും

ഈ സാഹചര്യം കുറച്ചെങ്കിലും ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ മൂന്ന് ട്രാന്‍സ് വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ അഡ്മിഷന്‍ നേടിയത് ചരിത്രം തന്നെയാണ്. മറ്റൊന്നാണ് തിരിച്ചറിയല്‍ രേഖ- എന്നാല്‍ ഓരോ തിരിച്ചറിയല്‍ രേഖ ലഭിക്കുന്നതിനും ഒട്ടേറെ കഷ്ടപ്പാടും അപമാനവും നേരിടേണ്ടി വരുന്നെന്നാണ് ട്രാന്‍സ് സമൂഹം പറയുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും സര്‍ജറി ചെയ്ത ഹോസ്പിറ്റലില്‍ നിന്നുള്ള ഡോക്ടറുടെ സാക്ഷ്യപത്രവുമാണ് തിരിച്ചറിയല്‍ രേഖകിട്ടുന്നതിന് സമര്‍പ്പിക്കേണ്ടത്.

എന്നാല്‍ കേരളത്തില്‍ സര്‍ജറി കഴിഞ്ഞവര്‍ തുലോം തുച്ഛമാണ്. ഫലത്തില്‍ കൂടുതല്‍ ആളുകള്‍ക്കും തിരിച്ചറിയല്‍ രേഖ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് സാരം. അഥാവാ സര്‍ജറി കഴിഞ്ഞ ആളുകള്‍ ആണെങ്കില്‍ നിരവധി ഓഫീസുകള്‍ കയറിയിറങ്ങണം. ഉദ്യോഗസ്ഥര്‍ക്കാകട്ടെ ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ച് സാമാന്യ ധാരണപോലും ഇല്ലാതാനും. മികപ്പോഴും ഉദ്യോഗസ്ഥര്‍ അപമാനിക്കാരുണ്ടെന്നും കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നുണ്ട്.

ആദ്യം ഇ.എം.എസ് ഭവന പദ്ധതിയില്‍ വീടില്ലാത്ത ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വീട് വെച്ചുകൊടുക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് അത് ലൈഫ് പദ്ധതി പ്രകാരമാക്കി. എന്നാല്‍ ലൈഫ് പദ്ധതിയില്‍ ലഭിക്കുന്ന വീട് ക്രയവിക്രയം നടത്താനോ ഉടമസ്ഥാവകാശമോ ലഭിക്കാത്തതു കൊണ്ട് ആര്‍ക്കും ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ശീതല്‍ ശ്യാം പറഞ്ഞു.

Read:  മാതൃഭൂമിക്ക് പിന്തുണ, ഹൈന്ദവ തീവ്രവാദ ഭീഷണിക്ക് മാധ്യമ സ്വാതന്ത്ര്യം അടിയറവയ്ക്കരുത്

സ്വയം തൊഴില്‍ കണ്ടെത്താനുള്ള വായ്പ എടുത്താല്‍ ആ തൊഴിലില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ വായ്പ തിരിച്ചടക്കാന്‍ പറ്റുമോ എന്ന ആശങ്ക ഉള്ളതുകൊണ്ട് പലരും സ്വയം തൊഴില്‍ വായ്പ എടുക്കാന്‍ മുന്നോട്ടു വരുന്നില്ലെന്നും ശീതള്‍ പറഞ്ഞു. ഇങ്ങനെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ട്രാന്‍സ് സമൂഹത്തിന്റെ ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഉദ്യോഗസ്ഥതലം മുതല്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് വരെ പല കാര്യങ്ങളെ കുറിച്ചും അവബോധം നല്‍കേണ്ടതുണ്ട്. പദ്ധതികള്‍ നിരവധി പ്രഖ്യാപിച്ചാലും അത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ഫൈസല്‍ ഫൈസു പറഞ്ഞു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം