ട്രാന്‍സ്‌ജെന്‍ഡര്‍ വ്യാജ മാനസികാവസ്ഥ; ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല: പി.എം.എ. സലാം
keralanews
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യാജ മാനസികാവസ്ഥ; ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല: പി.എം.എ. സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2023, 3:11 pm

കോഴിക്കോട്: ആണും പെണ്ണുമല്ലാതെ മറ്റ് വിഭാഗമില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ഇതിനെ എതിര്‍ത്താല്‍ പിന്തിരിപ്പന്‍ ആയി മാറുമെന്നും, ഇതൊക്കെയാണ് പുരോഗമനം എന്നാണ് ചിലര്‍ പറയുന്നതെന്നും പി.എം.എ.സലാം പറഞ്ഞു. കോഴിക്കോട് മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാന്‍സ്മാന്‍ പ്രഗ്നന്‍സിയെയും അത് വാര്‍ത്തയാക്കിയ മാധ്യമങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ ഒരു സ്ത്രീ ശരീര ഭാഗങ്ങള്‍ മുറിച്ച് പുരുഷനായി. പുരുഷനായിട്ട് സ്ത്രീയായി മാറിയ ഒരാളെ കല്യാണം കഴിച്ചു. സ്ത്രീ ശരീരം മുറിച്ച ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും. ആ പ്രസവം മാധ്യമങ്ങളും ആഘോഷിച്ചു,’ പി.എം.എ സലാം പറഞ്ഞു.

ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ലെന്നും ഖുര്‍ആനില്‍ എല്ലായിടത്തും ആണിനെയും പെണ്ണിനെയും കുറിച്ചാണ് പറയുന്നതെന്നും അദ്ദഹം പറഞ്ഞു.

കാമ്പസുകളിലെ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നതെന്നും ലഹരി ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ കൂടുതലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ഒരു അരാജകത്വം സൃഷ്ടിച്ച് ധാര്‍മിക മൂല്യമില്ലാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി നടക്കുകയാണെന്നും ഇതിനെതിരെ നില കൊള്ളാന്‍ മുസ്‌ലിം ലീഗിന്റെയും, എം.എസ്.എഫിന്റെയും, യൂത്ത് ലീഗിന്റെയും, വനിതാ ലീഗിന്റെയും നേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും പി.എം.എ. സലാം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ട് വന്ന് കുടുംബ ബന്ധങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അധികാരത്തില്‍ ഇല്ലാത്തപ്പോഴാണ് സംഘടനാ ശക്തി ഉപയോഗിച്ച് സര്‍ക്കാരിനെ തിരുത്താന്‍ സാധിക്കുന്നതെന്നും അഴിമതിയും ജനവിരുദ്ധതയും നിറഞ്ഞ സര്‍ക്കാരിനെതിരെ ലീഗ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

‘വഖഫ് സംരക്ഷണ സമ്മേളനം നടത്തിയപ്പോള്‍ ഇരട്ട ചങ്കന്റെ മുട്ടിടിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയേക്കാള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്നത് ഇടത് മുന്നണിയാണ്. കേന്ദ്രത്തിനൊപ്പം നിന്ന് പോകാനാണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നിര്‍ത്തി. കേരളവും ഒരു വര്‍ഷമായി സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയിട്ട്. മുസ്‌ലിം ലീഗ് തന്നെ ഇതിനെതിരെ രംഗത്ത് വരും,’ പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT: Transgender Fake Mentality; Islam does not teach that there is another category other than male and female: PMA. salam