കേരളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എവിടെനിന്നും അഭിമുഖീകരിച്ചിട്ടില്ല: ശീതള്‍ ശ്യാം
Kairali International Cultural Festival
കേരളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എവിടെനിന്നും അഭിമുഖീകരിച്ചിട്ടില്ല: ശീതള്‍ ശ്യാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 9:43 pm

കണ്ണൂര്‍: കേരളം പ്രബുദ്ധമാണെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോട് ഇപ്പോഴും കടുത്ത വിവേചനം നിലനില്‍ക്കുന്നതായി ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡംഗവും ആക്റ്റിവിസ്റ്റുമായ ശീതള്‍ ശ്യാം. കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ അഞ്ചാംദിനം ഉടലിലെ മനസ്സ്, മനസ്സിലെ ഉടല്‍ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ആറുവര്‍ഷത്തോളം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എവിടെനിന്നും അഭിമുഖീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും ട്രെയിനില്‍വച്ച് മോശം അനുഭവമുണ്ടായി. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും ശരീരം നിറയെ കരുതലിന്റെ കണ്ണുകള്‍ വേണം. ഭരണഘടനയും ലിംഗസമത്വവുമെല്ലാം ഉദ്ഘോഷിക്കുന്നുണ്ടെങ്കിലും ആ പൂര്‍ണതയെ ഉള്‍ക്കൊണ്ട് ഈ സാഹചര്യത്തില്‍ ജീവിക്കാന്‍ പറ്റില്ല. മതം, രാഷ്ട്രീയം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ വിഷയത്തില്‍ പ്രതിലോമകരമായി ഇടപെടുന്നുണ്ട്. ആണത്തബോധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇവര്‍.

ആണിനും പെണ്ണിനും പ്രത്യേകമായി നിയമം സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ ജെന്‍ഡര്‍ എന്ന സാമൂഹികനിര്‍മിതിയെ എടുത്തണിയാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് മനുഷ്യര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ജോലി കൊടുത്താല്‍ തീരുന്നില്ല അവരുടെ പ്രശ്നങ്ങള്‍. സാമൂഹികമായ പുനരധിവാസമല്ല തങ്ങള്‍ക്ക് ആവശ്യം. സാമൂഹിക സമത്വമാണ് ഭരണകൂടം ഉറപ്പാക്കേണ്ടതെന്നും ശീതള്‍ കൂട്ടിച്ചേര്‍ത്തു.

സഹതാപമല്ല തങ്ങള്‍ക്ക് വേണ്ടതെന്നും പുറത്താക്കപ്പെട്ട ഇടങ്ങള്‍ തിരിച്ചുപിടിക്കണമെന്നും ഇന്റര്‍സെക്സ് ആക്റ്റിവിസ്റ്റ് ചിഞ്ചു അശ്വതി അഭിപ്രായപ്പെട്ടു.

ജെന്‍ഡറിങ് സംവിധാനത്തിലൂടെയാണ് സമൂഹം കടന്നുപോവുന്നത്. ജെന്‍ഡര്‍ എന്നത് ആരുടെയും സ്വകാര്യ കാര്യമല്ല. പരസ്യമായ കാര്യമാണത്. കേരളത്തില്‍ നിരവധി പ്രശ്നങ്ങളാണ് ഇന്റര്‍സെക്സ് വിഭാഗം അനുഭവിക്കുന്നത്. ഇന്റര്‍സെക്സ് ഭ്രൂണഹത്യ ഇവിടെ വ്യാപകമാണ്. ഇത്തരം കുട്ടികളെ ശസ്ത്രക്രിയ വഴി പുരുഷ, സ്ത്രീ വിഭാഗത്തിലേക്ക് മാറ്റുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിനു നടുവിലാണ് ഇന്റര്‍സെക്സ് വിഭാഗമെന്നും ചിഞ്ചു അശ്വതി പറഞ്ഞു.

പുരുഷന് കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡറുകളും ഋഇന്‍ര്‍സെക്സ് വിഭാഗങ്ങളും കടുത്ത വിവേചനം നേരിടുന്നു. ഈ വിഷയത്തില്‍ നിയമപാലകരുടെയും മാധ്യമങ്ങളെയും കാഴ്ചപ്പാട് മാറേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ടാന്‍സ് ആക്ടിവിസം ശക്തമാണ്. ഇതിനായി നിരവധി എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡ് പോലും നിലവിലുണ്ടെന്നും ചിഞ്ചു വ്യക്തമാക്കി. അനു പാപ്പച്ചന്‍ മോഡറേറ്ററായിരുന്നു.