ജയലളിതയ്‌ക്കെതിരെ ആര്‍.കെ നഗറില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്റര്‍ ദേവി
Daily News
ജയലളിതയ്‌ക്കെതിരെ ആര്‍.കെ നഗറില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്റര്‍ ദേവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th April 2016, 10:31 am

deviചെന്നൈ: ആര്‍.കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്ററായ ജി. ദേവിയും. നാം തമിഴര്‍ കക്ഷിയെന്ന തമിഴ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് 33 കാരിയായ ദേവി മത്സരിക്കുന്നത്.

മികച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് ദേവി. നടനു സംവിധായകനുമായ സീമാന്റെ നേതൃത്വത്തിലുള്ളതാണ് നാം തമിഴര്‍ കക്ഷിയെന്ന പാര്‍ട്ടി. ഇതാദ്യമായാണ് ഈ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ആര്‍.കെ നഗറിലെ എല്ലാവര്‍ക്കും ആരോഗ്യവും നിലവാരമുള്ള വിദ്യാഭ്യാസവുമാണ് ദേവിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. “മാലിന്യങ്ങള്‍ കാരണം ഈ മണ്ഡലത്തിലെ ജനത ഒരുപാട് രോഗങ്ങളെ നേരിടുന്നുണ്ട്. ജയലളിതയ്ക്കു ഇതിനു പരിഹാരം കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ല. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഇതിനൊരു പരിഹാരമുണ്ടാകും. ഈ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തും.” ദേവി പറയുന്നു.

ജയലളിതയ്‌ക്കെതിരെയല്ല ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ് ദേവി പറയുന്നത്. “സംസ്ഥാനത്തിലെ വലിയ നേതാക്കളില്‍ ഒരാളാണ് ജയലളിത. ഞാന്‍ അവര്‍ക്കെതിരെയല്ല നില്‍ക്കുന്നത്, ഈ മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്.” ദേവി പറയുന്നു.

തെരഞ്ഞെടുപ്പില്‍ പുതുമുഖമാണെങ്കിലും രാഷ്ട്രീയത്തില്‍ ദേവി അങ്ങനെയല്ല. മുമ്പ് നടന്‍ ശരത്കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷിയില്‍ ഡെപ്യൂട്ടി സെക്രട്ടറി പദം വഹിച്ചിരുന്നയാളാണ് ദേവി.

സേലം സ്വദേശിയായ ദേവി 2004 മുതല്‍ വിവിധ എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ലൈംഗികത്തൊഴിലാളികളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും ശാക്തീകരണത്തിനുവേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. വീടില്ലാത്തവര്‍ക്കുവേണ്ടി തൈമാഡി എന്ന പേരില്‍ 2009ല്‍ ഒരു ഭവനം ആരംഭിച്ചു. ഇന്ന് അതില്‍ 60ഓളം പേര്‍ താമസിക്കുന്നുണ്ട്.