| Friday, 2nd April 2021, 12:32 pm

നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നതായി അനന്യ തന്നെയാണ് അറിയിച്ചത്. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് അനന്യ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത്.

ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും വേങ്ങര മണ്ഡലം അവര്‍ മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു.

കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.

പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ താന്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായതെന്ന് അനന്യ തന്നെ പറഞ്ഞിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.എസ്.ആര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥികളെന്ന പേരില്‍ മത്സരരംഗത്തുള്ളവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കെ.എസ്.ആര്‍ മേനോന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Transgender Candidate From Vengara Withdrew

We use cookies to give you the best possible experience. Learn more