കൊച്ചി: തന്റെ ഐഡന്റിറ്റി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയ ഇടപ്പള്ളി സ്വദേശി അരുന്ധതിക്കെതിരെ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി അമ്മ. “മകനെ” കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും പറഞ്ഞാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.
ആശുപത്രിയില്‍ നിന്നും വൈദ്യപരിശോധന നടത്തി ഐഡന്റിറ്റി തെളിയിക്കണമെന്നാണ് അമ്മയുടെ ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തോളം വീട്ടില്‍ നിന്ന് പീഡനം നേരിട്ടതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ അരുന്ധതിക്കെതിരെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
എന്നാല്‍ കോടതിയുടെ ഉത്തരവ് അമ്മയുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നും കാക്കനാടുള്ള കുസുമഗിരി ഹോസ്പിറ്റലില്‍ തന്നെ കൊണ്ട് പോകുന്നത് മാനസികമായി പീഡിപ്പിക്കാനാണെന്നും അരുന്ധതി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നേരത്തെ നാല് മാസത്തോളം മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് തന്നെ മാനസികമായും ശാരീരികമായും വീട്ടുകാര്‍ പീഡനത്തിന് ഇരയാക്കിയിരുന്നെന്ന് അരുന്ധതി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഇനിയെങ്കിലും എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും എനിക്ക് ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്നുമാണ് അരുന്ധതി പറയുന്നത്. “ചെറുപ്പം തൊട്ട് നിരന്തരം അവഗണനയും പരിഹാസവും ഒറ്റപ്പെടലും അനുഭവിച്ചാണ് ഇതുവരെ എത്തിയത്, ഞാന്‍ ഇങ്ങനെ ആയത് എന്റെ തെറ്റോ വീട്ടുകാരുടെ കുറ്റമോ അല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു, ആരെയും പഴിക്കാനോ കുറ്റപ്പെടുത്താനോ ഞാന്‍ തയ്യാറല്ല, എനിക്ക് പറയാനുള്ളത് എന്നെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കണമെന്നും ഉപദ്രവിക്കരുതെന്നുമാണ്.
ഒരസുഖവുമില്ലാതിരുന്നിട്ടും എന്നെ മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോയി മൂന്നരമാസം അഡ്മിറ്റ് ചെയ്തു. മുടി വെട്ടിക്കളഞ്ഞു, നഖം വെട്ടി അങ്ങനെ പലതും ചെയ്തു, മയക്കിക്കിടത്തി ഒരുപാട് ഇഞ്ചക്ഷന്‍ കുത്തി. ട്രീറ്റ് ചെയ്തിട്ടും വീട്ടുകാര്‍ കണ്ടെത്തിയ “രോഗം മാറാത്തതിനാല്‍” വീണ്ടും മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ അച്ഛനും അമ്മയും തീരുമാനിച്ചപ്പോഴാണ് സഹികെട്ട് വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയും അവര്‍ വേട്ടയാടുകയാണ്”. അരുന്ധതി പറഞ്ഞു.
ഞാന്‍ എങ്ങനെയാണോ ജനിച്ചത് അവര്‍ തന്നെ എങ്ങനെയാണോ കണ്ടത് ആ രീതിയില്‍ തന്നെ അവരുടെ കൂടെ ജീവിക്കണം എന്നാണ് അവര്‍ പറയുന്നത്. പക്ഷെ എനിക്കൊരിക്കലും അത് സ്വീകരിക്കാനോ അത് പോലെ ജീവിക്കാനോ സാധിക്കില്ല. കാരണം എനിക്ക് എന്റെതായ കുറവുകളുണ്ട്. അത് പലപ്പോഴും അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അത് പാളിപ്പോവുകായിയിരുന്നു. അരുന്ധതി കൂട്ടിച്ചേര്‍ത്തു.
“പെട്ടെന്നൊരു ദിവസം ഞാന്‍ പെണ്ണായതല്ല, ജന്മനാ അങ്ങനെയാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് പതിനൊന്ന് വയസ്സ് മുതലാണ്. അന്ന് മുതലേ പലകാര്യങ്ങളിലും ഞാന്‍ അവഗണന നേരിട്ടു തുടങ്ങി. ഇപ്പോള്‍ ഞാന്‍ ഡോക്ടര്‍മാരോടൊക്കെ ചോദിച്ച് വേണ്ട നിര്‍ദേശങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്, എനിക്ക് എന്നെ കുറിച്ച് നല്ല ബോധ്യമുണ്ട്” അരുന്ധതി പറയുന്നു.
മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി കൂടിയായ അരുന്ധതി കൊച്ചിയിലെ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്.