| Tuesday, 14th June 2022, 3:06 pm

ന്യൂനപക്ഷമായ മുസ്‌ലിം സ്ത്രീകള്‍ തന്നെ എല്‍.ജി.ബി.ടി.ക്യൂവിന്റെ അവകാശങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തുന്നത് പ്രതിഷേധാര്‍ഹം; ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിക്കെതിരെ ശീതള്‍ ശ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എല്‍.ജി.ബി.ടി.ക്യൂ പ്ലസ് കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ജമാഅത്തെ ഇസ്‌ലാമി പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണെന്ന് ശീതള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്കിടയിലുള്ള സ്‌നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ്?
രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം പ്രത്യുല്‍പ്പാദനവും വംശവര്‍ധനവും മാത്രം ലക്ഷ്യമാക്കിയാണോ മുന്നോട്ടുപോകുന്നത്? ലോകം വളരെ വലിയ മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഈ സാഹചര്യത്തില്‍ സ്ത്രീകള്‍,
പെണ്‍കുട്ടികള്‍ മുസ്‌ലിം മത നൂനപക്ഷങ്ങള്‍ ലിംഗ ലൈംഗീക നൂനപക്ഷങ്ങള്‍ ഇവര്‍ക്കൊക്കെ ഈ ലോകത്ത് ജീവിക്കാന്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ന്യൂനപക്ഷമായ മുസ്‌ലിം സ്ത്രീകള്‍ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു സംഘടന എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ശീതള്‍ പറഞ്ഞു.

‘തമിഴ്‌നാട്ടില്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് കണ്‍വെന്‍ഷന്‍ തോര്‍പ്പി ബാന്‍ ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പറഞ്ഞത്, ‘ജുഡീഷ്യറി, പൊലീസ്, ഫാമിലി, സ്‌കൂള്‍, പബ്ലിക്, ഇന്‍സ്റ്റിറ്റിയൂഷന്‍, എന്നിവിടങ്ങളില്‍ ക്വീര്‍ സമൂഹത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കേണ്ടത് ഗവണ്‍മെന്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്നാണ്’

ഇവിടേയും എത്രയും പെട്ടെന്ന് അത്തരത്തിലുള്ള ഒരു ഇടപെടല്‍ ആവശ്യമാണ്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ പരിപാടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,’ ശീതള്‍ ഫേസ്ബുക്കില്‍ എഴുതി.

ലോകത്ത് ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും ശീതള്‍ കുറിപ്പില്‍ എഴുതി.

ഐസ്‌ലാന്‍ഡ്

2009 ഫെബ്രുവരി ഒന്നിന് ഐസ്‌ലാന്‍ഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി സിഗൂര്‍ദാര്‍ ഡോട്ടിര്‍ ഒരു ചരിത്രം സൃഷ്ടിച്ചു. ലോകത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗി മേധാവിയായിട്ടാണ് അവര്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ഫോബ്‌സ് മാഗസിന്‍ ലോകത്തിലെ ശക്തരായ നൂറ് സ്ത്രീകളില്‍ ഒരാളായി സിഗൂര്‍ദാര്‍ ഡോട്ടിറെ തെരഞ്ഞെടുത്തിരുന്നു. 2002ല്‍ സിഗൂര്‍ദാര്‍ അവരുടെ സ്ത്രീ സുഹൃത്ത് ജോണിനലെഡ്‌സിനെ വിവാഹം കഴിച്ചു.

ന്യൂസിലന്‍ഡ്

ഏകദേശം രണ്ട് വര്‍ഷത്തിന് മുന്‍പാണ് ലോകപ്രസിദ്ധയായ ന്യൂസിലന്‍ഡിന്റെ വനിതാ പ്രധാനമന്ത്രി ജെസിന്‍ഡ ഉപപ്രധാനന്ത്രിയായി ഗ്രാന്റ് റോബര്‍ട്ട്സനെ പ്രഖ്യാപിച്ചത്. ജെസിന്‍ഡയുടെ അഭാവത്തില്‍ പ്രധാനമന്ത്രിയുടെ ചുമതലയുള്ള ഗ്രാന്റ് റോബര്‍ട്ട്സന്‍ ഒരു സ്വവര്‍ഗരതിക്കാരനാണെന്നത് ആ രാജ്യത്തെ ബാധിക്കുന്ന വിഷയമേയല്ല.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏകദേശം ഇരുനൂറ് രാജ്യങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി ഇരുപതോളം സ്വവര്‍ഗരതിക്കാരില്‍ ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിച്ചവരില്‍ കൂടുതലും ന്യുസിലാന്റില്‍ നിന്നുള്ളവരാണ്.

അയര്‍ലന്‍ഡ്

‘അപാരമായ അസാന്മാര്‍ഗികതയ്ക്ക് ഓസ്‌കാര്‍വൈല്‍ഡ് രണ്ട് വര്‍ഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു!’
വിക്കിപീഡിയയില്‍ ലോകപ്രശസ്ത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിനെ പരിചയപ്പെടുത്തുന്ന ഒരു വാചകമാണിത്.

ലോര്‍ഡ് ആല്‍ഫ്രഡ് ഡഗ്ലസ് എന്ന പ്രഭുകുമാരനുമായി ഓസ്‌കാര്‍ വൈല്‍ഡ് അനുരാഗത്തിലായത് അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു. സാമൂഹികതിരസ്‌കാരവും ജയില്‍ശിക്ഷയുമെല്ലാം അനുഭവിച്ച് ജന്മദേശമായ അയര്‍ലന്‍ഡില്‍ നിന്നും പാരീസിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഗതികേട് ഓസ്‌കാര്‍ വൈല്‍ഡിനെപ്പോലൊരു വിഖ്യാതസാഹിത്യകാരനുണ്ടായത് അന്നത്തെ വിക്ടോറിയന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ലായിരുന്നു.

ഓസ്‌കാര്‍ വൈല്‍ഡിനെ നാടുകടത്തിയ അതേ അയര്‍ലന്‍ഡാണ് ജനവിധിയിലൂടെ സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാജ്യം.
അതേ അയര്‍ലാന്‍ഡിലാണ് സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ ലിയോ വരാദ്ക്കര്‍ 2017 മുതല്‍ 2020 വരെ പ്രധാനമന്ത്രിയായിരുന്നത്.
എന്തൊരു കാവ്യനീതിയാണല്ലേ?
കാലം മാറി എന്നര്‍ത്ഥം!
മാറാന്‍ നമ്മളും ശ്രമിച്ചേ മതിയാകൂ,’ ശീതള്‍ പറഞ്ഞു.

CONTENT HIGHLIGHTS:  Transgender activist Sheetal Shyam lashes out at Jamaat-e-Islami Programme against  LGBTQ community

We use cookies to give you the best possible experience. Learn more