കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. അന്വേഷണസംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റിയാണ് ഉത്തരവിറങ്ങിയത്.
കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം.
പ്രവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇവരെ മറ്റു യൂണിറ്റുകളിലേക്കും ഡിപാര്‍ട്ട്‌മെന്റുകളിലേക്കുമാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയും കസ്റ്റംസിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.
അതേസമയം അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയില്‍ കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ ശക്തമായ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മീഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്താണ് സുമിത് കുമാര്‍ എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലം മാറ്റ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ മാറ്റുന്ന നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക