ഫുട്ബോള്‍ ആരാധകരെ എന്നും ആവേശത്തിലേക്കാക്കുന്നതാണ് ട്രാന്‍സഫര്‍ ജാലകങ്ങള്‍. ടീമിന്റെ പ്രകടനം ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ താരങ്ങളെ ടീമിലെത്തിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോസ് എന്നും ഫുട്‌ബോള്‍ ലോകത്തിലെ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്.
ഈ വര്‍ഷത്തെ വിന്റര്‍ ട്രാന്‍സ്ഫര്‍ ജനുവരിയിലാണ് ആരംഭിക്കുന്നത്. പല ടീമുകളും അവര്‍ക്ക് ആവശ്യമുള്ള താരങ്ങളെ ടീമിലെത്തിക്കാനുള്ള പുറപ്പാടിലാണ്. അതുപോലെ കളിക്കാര്‍ക്ക് ക്ലബ് മാറി മറ്റു ക്ലബ്ബുകളിലേക്ക് പോകാനുള്ള അവസരവുമാണ് ഈ വിന്റ്രര്‍ ട്രാന്‍സ്ഫര്‍.
ഈ ട്രാന്‍സ്ഫ്രര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് സ്പാനിഷ് താരമായ ഫെറാന്‍ ടോറസ്സിന്റെ കൂടുമാറ്റമാണ്. ഇംഗ്ലീഷ് ക്ലബ്ബും നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് ക്ലബ്ബായ ബാഴ്സലണോയിലേക്കാണ് താരം കൂടുമാറുന്നത്.
55 മില്ല്യണ്‍ യുറോയാണ് ഫെറാന്‍ ടോറസിന് വേണ്ടി ബാഴ്സ സിറ്റിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ക്യാംപ് നൗവില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ പാസായതിന് ശേഷം 5 കൊല്ലത്തേക്കുള്ള കരാറില്‍ താരം ഒപ്പുവെച്ചു. 2027 വരെയാണ് ടൊറസ്സിന്റെ കരാര്‍.
ജനുവരി ഒന്നിന് ട്രാന്‍സ്ഫര്‍ ജാലകം തുറക്കുമ്പോള്‍ ഈ 21കാരന്റെ സൈനിംഗ് ഔദ്യഗികമായി പ്രഖ്യാപിക്കും. ജനുവരി 3ന് ടൊറസ്സിനെ ബാഴ്സയുടെ തട്ടകമായ ക്യാംപ് നൗവില്‍ സ്വീകരിക്കുന്നിതിന്റെ ആവേശത്തിലാണ് കറ്റാലന്‍ പട.
അതേസമയം ബാഴ്സയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ സാമുവെല്‍ ഉംറ്റിറ്റിയെ നോട്ടമിട്ടിരിക്കുകയാണ് ന്യൂകാസില്‍. 2016ല്‍ ബാഴസയിലെത്തിയ ഉംറ്റിറ്റി ആകെ 91 മത്സരങ്ങളിലെ ബാഴ്സക്കായി ബൂട്ടണിഞ്ഞിട്ടുള്ളു. പരിക്കുകളായിരുന്നു ഉംറ്റിറ്റിയുടെ കരിയറിലെ പ്രധാന വില്ലന്‍.
നേരത്തെ ഫ്രാങ്ക് ഡിയോങ്ങിനെയും ഗോള്‍കീപ്പറെയും ബാഴ്സ വില്‍ക്കുമെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു
എന്തായാലും സാവിയുടെ കീഴില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ബാഴ്സ. മെസി ക്ലബ് വിട്ടതിന് ശേഷം ബാഴ്സയുടെ അവസ്ഥ വളരെ പരിതാപകരമാണ്. എലൈറ്റ് ലീഗായ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഈ സീസണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ബാഴ്സ പുറത്തായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ബാഴ്സ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്നത്.
ലാലീഗയിലും ബാഴ്സയുടെ അവസ്ഥ ഇതു തന്നെയാണ് 18 കളികള്‍ കഴിഞ്ഞപ്പോള്‍ 28 പോയിന്റുകളുമായി 7ാം സ്ഥാനത്താണ് ബാഴ്സലോണ. സാവിയുടെ വരവും പുതിയ ട്രാന്‍സ്ഫറുകളും ടീമിനെ തിരിച്ചുകൊണ്ടുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.