| Friday, 24th June 2022, 10:43 am

ഈ ബാര്‍ട്ടര്‍ സിസ്റ്റം പൊളിക്കും; ലെവന്‍ഡോസ്‌കിയെ വിട്ടു നല്‍കി ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാന്‍ ബയേണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാന്‍ ബുണ്ടസ് ലീഗയിലെ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.റൊണാൾഡോയെ ടീമിലെത്തിക്കാന്‍ ബയേണിന് താത്പര്യമുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ബയേണില്‍ നിന്നും ഇറങ്ങാന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി താത്പര്യം പ്രകടിപ്പിച്ചെന്നിരിക്കെ താരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൈമാറി പകരം റൊണോയെ ടീമിലെത്തിക്കാനാണ് ജര്‍മന്‍ ക്ലബ്ബിന്റെ ഉദ്ദേശിക്കുന്നത്. ഇക്കാര്യം മാഞ്ചസ്റ്ററിന് മുന്നില്‍ വെക്കാന്‍ ബയേണ്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാഞ്ചസ്റ്ററില്‍ അവസരം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ക്ലബ്ബിലെ തന്റെ ഭാവിയെ കുറിച്ച് ക്രിസ്റ്റ്യാനോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്ക് വിടാനുള്ള തന്റെ താല്‍പര്യം നേരത്തെ തന്നെ അറിയിച്ചു കഴിഞ്ഞതുമാണ്.

ഈ സാഹചര്യത്തിലാണ് ബയേണ്‍ ലെവന്‍ഡോസ്‌കിയെയും റൊണാള്‍ഡോയെയും പരസ്പരം കൈമാറാനുള്ള സാധ്യതയിലേക്ക് ബയേണ്‍ കടക്കുന്നത്.

എന്നാല്‍ ലെവന്‍ഡോസ്‌കിക്കായി ബാഴ്‌സയും രംഗത്തുള്ളതിനാല്‍ ഇക്കാര്യം എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബയേണ്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ലെവന്‍ഡോസ്‌കി ക്ലബ്ബ് വിടുമ്പോള്‍ ആ അഭാവം പരിഹരിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്കാവും എന്ന പ്രതീക്ഷയിലാണ് ബയേണ്‍.

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തതില്‍ റൊണാള്‍ഡോക്ക് നിരാശയുണ്ട്. ഇക്കാരണം കൊണ്ടാണ് താരം ക്ലബ്ബില്‍ സംതൃപ്തനല്ലാത്തതും.

മറ്റു ക്ലബുകള്‍ കിരീടത്തിനായി യൂറോപ്പിലെ മികച്ച താരങ്ങളെ ടീമിലെത്തിക്കുമ്പോള്‍ യുണൈറ്റഡ് നിഷ്‌ക്രിയമായി തുടരുന്നത് അടുത്ത സീസണില്‍ ടീം കിരീടങ്ങള്‍ നേടാനുള്ള സാധ്യത ഇല്ലാതാക്കും എന്നതിനാലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ ബയേണിലേക്ക് കൂടുമാറുന്നതോടെ കിരീടം നേടാനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്നതുകൂടിയാണ് റൊണോയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പക്ഷേ പ്രതിഫലം വെട്ടിക്കുറയ്‌ക്കേണ്ടി വരും. എന്നാല്‍ കിരീടത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ റൊണാൾഡോ ഇതിന് തയ്യാറാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു വര്‍ഷം മാത്രം കരാര്‍ ബാക്കിയുള്ള താരത്തെ ട്രാന്‍സ്ഫര്‍ ഫീസ് നല്‍കിയാവും ബയേണിന് സ്വന്തമാക്കേണ്ടി വരിക.

Content Highlight: Transfer Rumors says Cristiano Ronaldo may goes to Bayern Munich

We use cookies to give you the best possible experience. Learn more