തിരുപ്പതി: ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 18 അഹിന്ദു ജീവനക്കാർക്കെതിരെ നടപടിയെടുത്ത് തിരുപ്പതി ക്ഷേത്ര ബോർഡ്.
ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ടി.ടി.ഡി, ക്ഷേത്ര ബോഡി നടത്തുന്ന സ്ഥാപനങ്ങളിൽ ഹിന്ദുക്കൾ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ എന്ന് പുതിയ ടി.ടി.ഡി ബോർഡ് ചെയർമാൻ ബി. ആർ. നായിഡു ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ ഹിന്ദു പാരമ്പര്യങ്ങൾ പാലിക്കണമെന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ചുകൊണ്ട് 18 പേർക്കെതിരെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) നടപടിയെടുത്തിരിക്കുന്നത്.
ടി.ടി.ഡി ബോർഡിന്റെ പ്രമേയം അനുസരിച്ച്, ഈ ജീവനക്കാരെ ടി.ടി.ഡി ക്ഷേത്രങ്ങളിലെയും അനുബന്ധ വകുപ്പുകളിലെയും ജോലികളിൽ നിന്ന് നീക്കം ചെയ്യും. കൂടാതെ ഹിന്ദു മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ വിലക്കുകയും ചെയ്യും.
നിലവിൽ ടി.ടി.ഡി ജീവനക്കാർക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത് ഒന്നുകിൽ സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോവുക അല്ലെങ്കിൽ സ്വമേധയാ വിരമിക്കലിന് (വി.ആർ.എസ്) അപേക്ഷിക്കുക. ഇവ രണ്ടും ചെയ്തില്ലെങ്കിൽ ജീവനക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കും.
ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചെന്ന് പറയപ്പെടുന്ന ജീവനക്കാരിൽ ടി.ടി.ഡിയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആറ് അധ്യാപകരും ഉൾപ്പെടുന്നു. കൂടാതെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (വെൽഫെയർ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ, അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ (ഇലക്ട്രിക്കൽ), ഹോസ്റ്റൽ ജീവനക്കാരൻ, രണ്ട് ഇലക്ട്രീഷ്യൻമാർ, രണ്ട് നഴ്‌സുമാർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ, ഈ ജീവനക്കാരെ തിരുമലയിലെ ഒരു സ്ഥലത്തും, ടി.ടി.ഡിയുടെ കീഴിലുള്ള ഒരു തസ്തികകളിലും നിയമിക്കരുതെന്ന് പറയുന്നു. ‘മേൽപ്പറഞ്ഞ ജീവനക്കാരിൽ ആരെങ്കിലും നിലവിൽ മുകളിൽ പറഞ്ഞ തസ്തികകളിലോ സ്ഥലങ്ങളിലോ ജോലി ചെയ്യുന്നുണ്ടെങ്കിൽ, അവരെ മതപരമായി സെൻസിറ്റീവ് ആയ സ്ഥലങ്ങളിൽ നിന്ന് ഉടൻ സ്ഥലം മാറ്റുക,’ ടി.ടി.ഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 18 ജീവനക്കാരെയും ടി.ടി.ഡിയുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
ഹിന്ദു മതേതര പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാർ ഒന്നുകിൽ ക്രിസ്ത്യാനികളോ മുസ്‌ലിങ്ങളോ ആണെന്ന് ആന്ധ്രാപ്രദേശ് എൻഡോവ്‌മെന്റ് മന്ത്രി അനം രാമനാരായണ റെഡ്ഡി ആരോപിച്ചു.
ടി.ടി.ഡിയുടെ അച്ചടക്ക നടപടികളെ എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി വിമർശിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇരട്ടത്താപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് ഒവൈസി അദ്ദേഹത്തെയും വിമർശിച്ചു.
‘ ജോയിന്റ് വർക്കിങ് കമ്മിറ്റിയിൽ ബി.ജെ.പിയുടെ വഖഫ് ബില്ലിനെ തന്റെ പാർട്ടി പിന്തുണച്ചതിന്റെ കാരണം ചന്ദ്രബാബു നായിഡു വിശദീകരിക്കണം. സെൻട്രൽ വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും കുറഞ്ഞത് രണ്ട് അമുസ്‌ലിങ്ങൾ ഉണ്ടായിരിക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. കൗൺസിലിലും ബോർഡിലും ഭൂരിപക്ഷം മുസ്‌ലിങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധനയും ബിൽ നീക്കം ചെയ്യുന്നു. ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 18 അഹിന്ദു ജീവനക്കാർക്കെതിരെ നടപടിയെടുത്ത ടി.ടി.ഡിയുടെ നടപടിയെ അംഗീകരിക്കുന്ന ചന്ദ്ര ബാബു നായിഡു ഇതിന് ഉത്തരം നൽകണം,’ അസദുദ്ദീൻ ഒവൈസി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
Content Highlight: Transfer or retire: Tirupati temple board removes 18 non-Hindu employees