കൊച്ചി അമൃത ഹോസ്പിറ്റലിൽ ട്രാൻസ്‌ജെൻഡർ യുവതിയെ 'കൺവേർഷൻ തെറാപ്പി'ക്ക് വിധേയമാക്കി; കേസിൽ ഇടപെട്ട് ഹൈക്കോടതി
keralanews
കൊച്ചി അമൃത ഹോസ്പിറ്റലിൽ ട്രാൻസ്‌ജെൻഡർ യുവതിയെ 'കൺവേർഷൻ തെറാപ്പി'ക്ക് വിധേയമാക്കി; കേസിൽ ഇടപെട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 9:16 am

കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ ട്രാൻസ്‌ജെൻഡർ യുവതിയെ നിയമവിരുദ്ധമായ ‘കൺവേർഷൻ തെറാപ്പി’ക്ക് വിധേയമാക്കുന്നുവെന്നാരോപിച്ചുള്ള ഹേബിയസ് കോർപ്പസ് ഹരജിയിൽ പൊലീസിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പരാതിക്കാരിയായ ട്രാൻസ്‌ജെൻഡർ യുവതിയെ ഹജരാക്കാനാണ് കോടതി പൊലീസിനോട് ഉത്തരവിട്ടത്.

19 കാരിയായ ട്രാൻസ്‌ജെൻഡർ യുവതി എലിഡ റൂബിയെല്ലെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എലിഡ റൂബിയെല്ലെയെ അവരുടെ കുടുംബവും ആശുപത്രിയിലെ ഡോക്ടർമാരും തടഞ്ഞുവച്ചിരിക്കുകയായിരുന്നു. എലിഡ ഇത് തൻ്റെ സുഹൃത്തിനോട് പങ്കുവെക്കുകയും തുടർന്ന് സുഹൃത്ത് കോടതിയെ സമീപിക്കുകയുമായിരുന്നു.

ഹരജി പരിഗണിച്ച ശേഷം ഉത്തരവ് പുറപ്പെടുവിക്കവേ, എലിഡയെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഒരു നടപടിക്രമവും നടത്തരുതെന്ന് ജസ്റ്റിസുമാരായ അമിത് റാവലിൻ്റെയും ഈശ്വരൻ എസ്.യുടെയും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

രണ്ടു വർഷം മുമ്പാണ് എലിഡ തന്റെ സ്വത്വം വീട്ടുകാരോട് തുറന്നു പറഞ്ഞത്. ഇതറിഞ്ഞ ശേഷം എലിഡയെ വീട്ടുകാർ പല വിധത്തിലുള്ള പീഡനങ്ങൾക്കിരയാക്കിയതായി എലിഡയുടെ സുഹൃത്തുക്കൾ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും പൊലീസ് പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം എലിഡയെ കുടുംബത്തോടപ്പം തിരിച്ചയക്കുകയായിരുന്നു.

തുടർന്ന് ജൂൺ 25ന് ഇടപ്പള്ളിയിലെ അമൃത ഹോസ്പിറ്റലിൽ എലിഡയെ നിർബന്ധിച്ച് പ്രവേശിപ്പിക്കുകയും ‘കൺവേർഷൻ തെറാപ്പി’ക്കുള്ള സമ്മതപത്രത്തിൽ ഒപ്പിടാൻ നിർബന്ധിക്കുകയുമായിരുന്നു.

എൽ.ജി.ബി.ടി,ക്യൂ.ഐ.എ+ വ്യക്തികളുടെ ലൈംഗിക ആഭിമുഖ്യമോ ലിംഗ വ്യക്തിത്വമോ രോഗമായി കണ്ട് അത് മാറ്റുന്നതിന് സ്വീകരിക്കുന്ന ‘ലൈംഗിക ഓറിയൻ്റേഷൻ മാറ്റ ശ്രമങ്ങൾ’ എന്ന് അറിയപ്പെടുന്ന കൺവേർഷൻ തെറാപ്പി നിയമവിരുദ്ധവും അശാസ്ത്രീയവുമായ സമ്പ്രദായമാണെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2022 സെപ്റ്റംബറിൽ ദേശീയ മെഡിക്കൽ കമ്മീഷൻ ഇത്തരത്തിലുള്ള തെറാപ്പി നടത്തുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് അധികാരം നൽകുകയും ചെയ്തിരുന്നു.

ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യമോ ലിംഗ വ്യക്തിത്വമോ വൈദ്യശാസ്ത്രപരമായി ഭേദമാക്കുവാനോ മാറ്റാനോ ഉള്ള ഏതൊരു ശ്രമവും നിരോധിക്കേണ്ടതാണെന്ന് 2021-ൽ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു.

എലിഡയെ ഡിസ്ചാർജ് ചെയ്യാൻ ശ്രമിച്ചാൽ മാനസിക രോഗി എന്ന് മുദ്രകുത്തുമെന്ന് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി ഭീഷണിപ്പെടുത്തുന്നതിൻ്റെ ഓഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും ഹരജിക്കാർ കോടതിയിൽ പറഞ്ഞു.

‘ട്രാൻസ്‌ജെൻഡറിനെ’ ലിംഗ സ്വത്വമായി അംഗീകരിച്ച സുപ്രീം കോടതിയുടെ 2014ലെ വിധിയെ കുറിച്ച് പരാമർശിച്ച ഹരജിക്കാരൻ മനുഷ്യത്വരഹിതവും നികൃഷ്ടമായ പെരുമാറ്റമാണ് പരാതിക്കാരിക്കെതിരെ ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി.

Content Highlight: Trans woman allegedly subjected to conversion therapy at Amrita Hospital, Kerala HC intervenes