ബജറ്റിൽ ട്രാൻസ്ജെൻഡറുകൾക്കും ഇടം നൽകണം; തമിഴ്നാട് സർക്കാരിനോട് ട്രാൻസ് ആക്ടിവിസ്റ്റ്
national news
ബജറ്റിൽ ട്രാൻസ്ജെൻഡറുകൾക്കും ഇടം നൽകണം; തമിഴ്നാട് സർക്കാരിനോട് ട്രാൻസ് ആക്ടിവിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2023, 12:24 pm

ചെന്നൈ: 2023-24 തമിഴ്‌നാട് ബജറ്റിൽ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ക്ഷേമത്തിനായി ഫണ്ട് അവതരിപ്പിക്കാത്തതിനെതിരെ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും തിയേറ്റർ ആർട്ടിസ്റ്റുമായ ലിവിങ് സ്‌മൈൽ വിദ്യ. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ പ്രത്യേക നിയമസംവിധാനം കൊണ്ടുവരണമെന്നും വിദ്യ പറഞ്ഞു.

മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ (പി.ടി.ആർ) എന്നിവരെ അഭിസസംബോധന ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിദ്യയുടെ പ്രതികരണം.

ബസ് സ്റ്റാന്റുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ തട്ടുകടയോ മറ്റ് ചെറിയ സംരംഭങ്ങളോ തുടങ്ങാൻ സർക്കാർ ധനസഹായം അനുവദിക്കണമെന്നും വിദ്യ കുറിപ്പിൽ കൂട്ടിച്ചേർത്തു.

ചെന്നൈ സംഗമത്തിലും സംസ്ഥാന ധനസഹായത്തോടെ നടത്തുന്ന മറ്റ് സാംസ്കാരിക പരിപാടികളിലും ട്രാൻസ് ഫോക്ക് കലാകാരന്മാർക്ക് സർക്കാർ മുൻഗണന നൽകണം. ട്രാൻസ് വ്യക്തികൾ ഭിക്ഷാടനത്തിലേക്കിറങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. ഇത് തടയാൻ അവർക്ക് നൈപുണ്യ (Skill based training) അധിഷ്ഠിത പരിശീലനവും കുറഞ്ഞ പലിശയ്ക്ക് വായ്പയും സർക്കാർ അനുവദിക്കണമെന്നും വിദ്യ പറഞ്ഞു.

ട്രാൻസ് വ്യക്തികളായതിനാൽ അവരെ കുടുംബം വീടുകളിൽ നിന്ന് പുറത്താക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക നിയമം അവതരിപ്പിക്കണമെന്ന് വിദ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്ഫോബിയയെ നേരിടാൻ പൊതു പ്രചാരണങ്ങൾ ആരംഭിക്കണമെന്നും വിദ്യ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

കൂടാതെ, ട്രാൻസ് വ്യക്തികൾക്കെതിരായ അതിക്രമങ്ങളുടെ കൃത്യമായ ഡോക്യുമെന്റേഷനും അത്തരം അക്രമങ്ങൾ തടയുന്നതിന് സംരക്ഷണ നിയമങ്ങൾ അവതരിപ്പിക്കാനും അവർ ആവശ്യപ്പെട്ടു.

സ്ത്രീകളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയത് പ്രശംസനീയമാണെന്നും വിദ്യ കൂട്ടിച്ചേർത്തു.

“ഒരു തമിഴ് വനിത എന്ന നിലയിൽ, ഈ ബജറ്റ് എനിക്ക് സന്തോഷവും അഭിമാനവും നൽകുന്നു,” വിദ്യ കുറിച്ചു.

ചെന്നൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ ട്രാൻസ് വനിതാ അഭിനേതാവും, അസിസ്റ്റന്റ് ഡയറക്ടറും, എഴുത്തുകാരിയും, ട്രാൻസ്, ദളിത് അവകാശ പ്രവർത്തകയുമാണ് ലിവിങ് സ്മൈൽ വിദ്യ. തമിഴിൽ രചിച്ച സ്മൈലിയുടെ ആത്മകഥയായ ഐ ആം വിദ്യ ഇംഗ്ലീഷ്, മലയാളം, മറാത്തി, കന്നഡ എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

Content Highlight: Trans rights activist demands inclusion in TN budget, writes to CM Stalin, PTR