കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും എ.എ. റഹീം എം.പിക്കും സമൂഹ മാധ്യമത്തിലൂടെ തുറന്ന കത്തെഴുതി ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരി. പൈലറ്റ് പരിശീലനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് കത്ത്.
2019ല്‍ എല്ലാ മാധ്യമങ്ങളുടെയും മുമ്പില്‍ വെച്ച് ആഘോഷമായി മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ അന്നൗണ്‍സ് ചെയ്ത സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ താന്‍ ദിവസേന പല ആളുകളുമായി ബന്ധപെടുകയും പോയി കാണുകയും ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ കയറി ഇറങ്ങാത്ത വകുപ്പുകള്‍ ഇല്ലെന്നും ആദം ഹാരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഈ ആവശ്യത്തിനായി ചില വകുപ്പുകളില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണെന്നും ആദം ഹാരി കുറിച്ചു.
‘എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്… എനിക്ക് ആ സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുമോ ഇല്ലയോ? ഇല്ലെങ്കില്‍ പറയണം ഞാന്‍ നിര്‍ത്തിയേക്കാം. നിര്‍ത്തുന്നതിനേക്കാള്‍ സങ്കടം ഇത്രയും സമയം ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്പോളാണ്. ഇനിയും വയ്യ തരില്ലെങ്കില്‍ അറിയിക്കണം. നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വയ്യ. അപേക്ഷയാണ്,’ എന്നും ആദം ഹാരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മൂന്ന് വര്‍ഷം നീളുന്ന പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ ചേരുന്നതിന് 23.34 ലക്ഷം രൂപയുടെ സക്ളോര്‍ഷിപ്പാണ് സാമൂഹ്യനീതി വകുപ്പ് ആദം ഹാരിക്ക് അനുവദിച്ചിരുന്നത്.
ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നതിനാല്‍ പറക്കുന്നതിന് ആദം ഹാരി യോഗ്യനല്ലെന്ന ഡി.ജി.സി.എയുടെ നിലപാടിനെ തുടര്‍ന്ന് സ്‌കോളര്‍ഷിപ്പിലെ ആദ്യ ഗഡുവായി അടച്ച തുക രാജീവ് ഗാന്ധി അക്കാദമി സര്‍ക്കാരിന് തിരികെ നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ പഠനം തുടരുന്നതിനായി സ്‌കോളര്‍ഷിപ്പ് മാറ്റാന്‍ ആദം ഹാരി അപേക്ഷ നല്‍കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുളള രാജ്യത്തെ ആദ്യ ട്രാന്‍സ്മാനാണ് ഹാരി.