കൊച്ചി: അന്‍വര്‍ റഷീദ് ഫഹദ് ഫാസില്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ശരിക്കും എന്തായിരിക്കും ഈ സിനിമയെന്ന ചര്‍ച്ചകളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍ ആയിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത് എന്നാല്‍ സെന്‍സര്‍ സംബന്ധമായ വിവാദങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 20ലേക്ക് മാറ്റുകയായിരുന്നു ഏഴു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്.
തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജലി മേനോന്റെ കൂടെയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ചെയ്യുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ അമല്‍ നീരദ് ആണ്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്.
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.