കൊച്ചി: ആത്മീയ വ്യാപാരത്തിന്റെ പൊള്ളത്തരങ്ങള്‍ ധൈര്യപൂര്‍വ്വം തുറന്നുകാട്ടിയ ചിത്രമായിരുന്നു അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായ ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്.
ട്രാന്‍സ് സിനിമയെയും അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും ‘ശപിച്ച്’ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു പാസ്റ്റര്‍. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി. പിന്നെ കഥയൊന്നുമില്ലാതായതോടെ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്സാണ് വിഷയം എന്നാണ് പാസ്റ്റര്‍ പറയുന്നത്.
‘നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ,തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും… ”, എന്നാണ് വീഡിയോയില്‍ പറയുന്നത്.
ഫെബ്രുവരി 20 നാണ് ട്രാന്‍സ് റിലീസ് ചെയ്തത്. ഫഹദിനൊപ്പം നസ്രിയയും പ്രധാന വേഷത്തില്‍ എത്തുന്നു.വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ.