| Friday, 21st February 2020, 12:07 pm

നമ്മളീ ചിത്രത്തെ കുറിച്ച് ദീര്‍ഘകാലം ചര്‍ച്ച ചെയ്യും

ശ്രീജിത്ത് ദിവാകരന്‍

Spoiler Alert #Trance

(Pls dont read if you haven’t seen the movie and worried about spoilers)

***
സ്‌ക്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ ഫാനില്‍ നിന്ന് കെട്ടിയിറക്കുന്ന അമ്മയുടെ മൃതദേഹം കാണുന്ന രണ്ട് ചെറിയ മക്കളുണ്ട്. അവരുടെ കണ്ണുകളിലെ ആഴത്തിലെന്തായിരിക്കും പതിഞ്ഞ് കിടക്കുന്നതെന്ന് നമുക്ക് മനസിലാകില്ല. നിസഹായതയാണോ നിരാശയാണോ എന്നൊന്നും. വിഷാദരോഗമെന്ന് നമുക്കെല്ലാം അറിയുന്ന ആഴവും ഇരുളുമേറിയ ഗര്‍ത്തത്തിലേയ്ക്കുള്ള വീഴ്ചയാണതെന്ന് പിന്നീട് മനസിലാകും.

തലയിണയിലേയ്ക്ക് തലചേര്‍ക്കുമ്പോള്‍ ഹൃദയം പെരുമ്പറകൊട്ടുന്ന വിധം പീഡിതമായ ദിവസങ്ങളെ കുറിച്ച് അറിയാവുന്ന മനുഷ്യരുണ്ട്. വെളിച്ചവും മനുഷ്യരും ശബ്ദവും സന്തോഷമെന്ന് വേണ്ട ലോകത്തിന്റെ സകല ക്രിയകളാലും വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കപ്പെടുന്നവര്‍. എന്നിട്ടും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ തന്നെ വലിച്ച് കൊണ്ടുപോകുന്നവര്‍. അതിലൊരാളാണ് വിജുപ്രസാദ് എന്ന മനുഷ്യന്‍. അമ്പരപ്പില്‍ പതറിപ്പോയ കുഞ്ഞനുജനെ ചേര്‍ത്ത് പിടിച്ച്, കടല്‍ത്തീരത്ത് ശംഖുമാലവും മറ്റും വിറ്റാണ് എട്ടോ പത്ത് വയസില്‍ വിജു മറ്റൊരു ജീവിതം ആരംഭിക്കുന്നത്. അനുജന്റെ കണ്ണിലെ തിരയിളക്കമെന്താണെന്ന് എത്രയോ ചെറുപ്പത്തിലവന് മനസിലായി. കളിക്കേണ്ട പ്രായത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നതില്‍ തുടങ്ങും വിജുവിന്റെ ജീവിതത്തിലെ തലതിരിച്ചില്‍. കണ്ണാടിയില്‍ നോക്കി ഒരോ ദിവസവും കൈയ്യടിച്ച് മെച്ചപ്പെട്ട ദിവസമായിരിക്കുമെന്ന് സ്വയം കബളിപ്പിച്ച്, പ്രതീക്ഷയോ സന്തോഷമോ ഒന്നുമില്ലാതെ ജീവിക്കുമ്പോഴും മോട്ടിവേഷന്‍ ട്രെയ്നര്‍ എന്ന പ്രൊഫഷന്‍ കണ്ടെത്തുന്നതിലുണ്ട് ആ ഇരുള്‍.

മറ്റൊരു ഫാനില്‍ മറ്റൊരു ജീവന്‍. ജീവിത വിജയത്തിലേയ്ക്ക് യന്ത്രഗോവിണികളില്ല, നടന്ന് കയറേണ്ടതാണ് എന്ന് എഴുതി വച്ചിരിക്കുന്ന പടികള്‍ കയറി എത്തേണ്ട വീട്ടില്‍ നിന്നും, തകര്‍ന്നും തളര്‍ന്നും തോറ്റുപോയ പടിയിറങ്ങി പോകുന്നുണ്ട്. തുടര്‍ന്ന് ഏതെങ്കിലും പുല്‍ക്കൊടിയില്‍ പിടിച്ച് ജീവിതത്തില്‍ തൂങ്ങി നില്‍ക്കാന്‍ പാടുപെടുന്ന ദിവസങ്ങളിലൊന്നില്‍ ഒരു ജനലരിലിരുന്ന് കരഞ്ഞുകൊണ്ട് ഡോക്ടറെ വിളിച്ച് കരയുന്ന വിജുവുണ്ട്. അനാഥനും അസഹായനുമായ അയാളുടെ കഥയാണ് ട്രാന്‍സ്. ആത്മീയത എന്ന ലോകത്തിന്റെ ഏറ്റവും വലിയ വ്യവസായമാണ് സിനിമയുടെ വിഷയമെങ്കിലും ഏകാകിയായ ഒരു മനുഷ്യനും അയാളുടെ രോഗബാധിതമായ മനസുമാണ് മൂന്ന് മണിക്കൂറോളം നീണ്ട സിനിമയുടെ ഉള്‍ക്കാമ്പ്.

പിന്നീടൊരു രംഗത്ത് മുറിയിലെ ഫാന്‍ അഴിച്ച് മാറ്റാനാവശ്യപ്പെടുന്ന വിജുവുണ്ട്. അപ്പോഴേയ്ക്കും അയാള്‍ പാസ്റ്ററായിട്ടുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ലാഭമുള്ള കച്ചവടത്തിന്റെ ലോകല്‍ അംബാസിഡര്‍. സ്വയം രോഗബാധിതമായിരിക്കുമ്പോള്‍ ലോകത്തിന്റെ രോഗശുശ്രൂഷയായി അഭിനയിക്കുന്ന ആള്‍. മനുഷ്യനും ദൈവത്തിനുമിടയില്‍ ഭ്രാന്തിനും സ്വബുദ്ധിക്കുമിടയില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയില്ലാത്ത മനുഷ്യനും വൈബ്രന്റ് അഭിനേതാവിനുമിടയില്‍ ശുദ്ധമനുഷ്യത്വത്തിനും ക്രൂരകച്ചവടത്തിനും ഇടയില്‍ ഏതോ ട്രാന്‍സെഡെന്റ് സ്റ്റേറ്റില്‍ പിടിഞ്ഞ് ജീവിക്കുന്ന ഒരാള്‍. എപ്പോഴോ ദൈവം തന്നിലൂടെ പ്രവര്‍ത്തിക്കുന്നുവെന്ന് വിഭ്രാന്തിതനായ ഒരാള്‍.

വിഷാദം, ആത്മീയത, അധികാരം എന്നിങ്ങനെ മുഖ്യധാര സിനിമയ്ക്ക് പറയാന്‍ താത്പര്യമില്ലാത്ത വിഷയങ്ങളിലൂടെയുള്ള സഞ്ചാരമാണിത്. ഒരുതരത്തില്‍ ഭ്രാന്തിന്റെ അവസ്ഥാന്തരങ്ങളാണ്. ഒന്ന് പ്രകടിപ്പിക്കാന്‍ ആകാത്തത്. മറ്റൊന്ന് പ്രകടപ്പിക്കുന്നത് മാത്രം. ഒന്ന് നിശബ്ദം. മറ്റേത് ശബ്ദഘോഷം.

അതിനിടയില്‍ കടന്ന് വരുന്ന ഒരു യുവതിയുണ്ട്. അത്തരം യുവതികളുടെ ക്ലീഷേ ചരിത്രമുള്ള യുവതി. എന്തൊരു ക്രൂരമായ വാക്കാണത്. പറയുന്നവര്‍ക്ക് ആവര്‍ത്തന വിരസമായിരിക്കും. അനുഭവിക്കുന്നവര്‍ക്കോ? ചതിക്കപ്പെടുന്ന, ഒറ്റയായ ഒരു സ്ത്രീ തന്റെ ശരീരത്തെ വിറ്റ് ജീവിക്കാന്‍ ശ്രമിക്കുന്നത് പോലെ തന്നെയായിരുന്നു തന്റെ ജീവിതമെന്ന് വിജു എന്ന പാസ്റ്റര്‍ ജെ.സി. തിരിച്ചറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആത്മീയ വിപണിയുടെ ചില്ലു കൂട്ടില്‍ സൗഖ്യം നല്‍കുമെന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്ന തൊഴിലാളിയായിരുന്നു അയാള്‍. ശരീരത്തിന്റെ ആനന്ദമായിരുന്നു അവള്‍ വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍, ആത്മീയാന്ദമായിരുന്നു അയാളുടെ വില്‍പ്പന.

അന്‍വറിന്റേത് മാത്രമല്ല, ഫഹദിന്റേയും അമലിന്റേതും സിനിമയാണിത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ ഒന്നും നടക്കാത്ത സംവിധായകന്‍. മികച്ച നടന്‍ എന്നും അസാധ്യപ്രകടനമെന്നും പല സിനിമകളിലും തെളിയിച്ചതിനപ്പുറം തന്റെ സാധ്യതകള്‍ ആകാശത്തിനപ്പുറമാണെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്ന നായകന്‍. ഒരോ ദേശത്തിനേയും ഒരോ മനുഷ്യരേയും ഒരോ ഫ്രെയ്മിനേയും അടിയൊപ്പിട്ട് അടയാളപ്പെടുത്തുന്ന ഛായാഗ്രാഹകന്‍.

അന്‍വറിന്റെ ഏറ്റവും മികച്ച സിനിമയാണ്. മുഖ്യധാര മലയാള സിനിമയെ ഒരു കാതം മുന്നോട്ട് കൊണ്ടുപോകുന്ന ഫിലിം മേക്കിങ്. അസാധാരണമായ ധൈര്യവും കണ്‍വിക്ഷനും ഉള്ള സംവിധായകന്റെ സിനിമ. തന്റെ ബോധ്യങ്ങളാണ്, പതിവ് ചേരുവകളല്ല സിനിമയെന്ന് ഉറപ്പുള്ളയാളുടെ സിനിമ.

ഫഹദിന്റെ കരിയര്‍ ബെസ്റ്റാണ്. (ഓരോ പുതിയ സിനിമ വരുമ്പോഴും ഇങ്ങേരെ കുറിച്ച് ഇതെഴുതേണ്ടി വരുന്നുവെന്നതാണ് കാര്യം). ഇടയ്ക്കിടയ്ക്ക് അന്‍വറും അമലും അയാളുടെ കണ്ണിന്റെ എക്സ്ട്രീം ക്ലോസ് അപിലേയ്ക്ക് പോകുന്നുണ്ട്. വെറുതെയല്ല. കയ്യും കാലും പോലെ എടുത്ത് പ്രയോഗിക്കാന്‍ പറ്റിയ ഒരു അവയവമാണ് ഇയാള്‍ക്ക് കണ്ണ് . എക്സ്റ്റസിയുടെ നിമിഷങ്ങളില്‍, നിസഹായതയുടെ നിമിഷങ്ങളില്‍, അനുജനോടുള്ള കരുതലില്‍, നസ്രിയയെ നോക്കുമ്പോള്‍, വേറെ വേറെ കണ്ണാണിയാള്‍ക്ക് എന്നതല്ല, എല്ലായിടത്തും അമ്മ മരിച്ച് തൂങ്ങിക്കിടക്കുന്നത് കണ്ട ഒരു കുഞ്ഞുമോന്റെ പകപ്പുമുണ്ട്. എന്തൊരു മനുഷ്യനാണ് നിങ്ങളെന്ന് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരും. ഹാറ്റ്സ് ഓഫ് മാന്‍!

സൗബിനും വിനായകനും മുതല്‍ സ്രിന്ദയും അര്‍ജുന്‍ അശോകും എന്നിങ്ങനെ പരിചയമുള്ള ഒട്ടേറെ മുഖങ്ങളിലൂടെ, അവരുടെ കൂടി ജീവിതങ്ങളിലൂടെയാണ് ഇത് പൂര്‍ത്തിയാകുന്നത്.

ശ്രീനാഥ് ഭാസി, യൂവാര്‍ അബ്‌സൊല്യൂട്ട്ലി ബ്രില്യന്റ്, മാന്‍!

ഇനിയും വിശദമായി എഴുതണമെന്നുണ്ട്. പക്ഷേ സുഹൃത്തിന്റെ സിനിമയാണ്. അതിനപ്പുറം അന്‍വര്‍ റഷീദ് എന്ന ഫിലിം മേക്കറുടെ ആരാധകന്റെ എഴുത്താണ്. എന്തെഴുതിയാലും സൗഹൃദത്തിന്റെ, ആരാധനയുടെ കണക്കിലായിപ്പോകും. അതിലൊരു തെറ്റുമില്ല. വളരെ സബ്ജക്റ്റീവാണ് സിനിമ കാഴ്ചകളും വായനയും എല്ലാം.

***
തമിഴ് അതിര്‍ത്തി ഗ്രാമത്തിലെ നായകനോ വില്ലനോ എന്ന് സംശയമുള്ള ഒരു കേന്ദ്ര കഥാപാത്രം, കുറേ മണ്ടത്തരങ്ങള്‍. കുറേ ചിരിപ്പിക്കലുകള്‍, കുറച്ചധികം തല്ല്, കുറച്ച് ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ, കാളവണ്ടി, നാട്ടുചന്ത, സാരിയും ഹാഫ് സാരിയും മുല്ല, കനകാംബരങ്ങളും മാറി മാറി അണിഞ്ഞ നായിക. അവസാനം നന്മയും ത്യാഗവും നിറഞ്ഞ വീരോദാത്തനായകത്വത്തിലേയ്ക്ക് രൂപത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്ന കേന്ദ്രകഥാപാത്രം. പച്ചക്കറിയും കലങ്ങളും എടുത്തെറിഞ്ഞ് ഒരു കൂട്ടത്തല്ലോടെ ശുഭപര്യവസാനം എന്നിങ്ങനെ മലയാള സിനിമ സസുഖം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെയാണ് ‘രാജമാണിക്യം’ വരുന്നത്. ഇതെല്ലാം അതിലുണ്ടെങ്കിലും അതുവരെയുള്ള സിനിമയായിരുന്നില്ല അത്. അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ വരവായിരുന്നു അത്. രാജമാണിക്യത്തിന് ശേഷം എന്ന വഴിത്തിരിവുണ്ടായി മലയാള സിനിമയ്ക്ക്.

ആദ്യ മൂന്ന് മാസ് എന്റര്‍റ്റൈന്‍മെന്റുകള്‍ക്ക് ശേഷം സ്വയം പുതുക്കിയ അന്‍വറിനേയാണ് രണ്ട് ഹൃസ്വചിത്രങ്ങളിലും ഉസ്താദ് ഹോട്ടലിലും കണ്ടത്. ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയറിലെ അഞ്ചാമത്തെ മുഴുനീള ചിത്രവുമായി അന്‍വര്‍ റഷീദ് എത്തുമ്പോഴും സംഭവിക്കുന്നതും അതാണ്. ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍, ഇതുവരെ പറയാത്ത കഥ, ഇതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. മലയാള മുഖ്യധാര സിനിമയുടെ വഴിത്തിരിവുകളിലൊന്നായി ട്രാന്‍സ് മാറും. നമ്മളീ ചിത്രത്തെ കുറിച്ച് ദീര്‍ഘകാലം ചര്‍ച്ച ചെയ്യും.

WATCH THIS VIDEO:

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more