| Sunday, 30th September 2018, 10:06 am

തിരമാലകള്‍ ഉയരാനും വെള്ളപ്പൊക്കത്തിനും സാധ്യത; ജപ്പാനില്‍ ട്രാമി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്യോ: ജപ്പാനിലെ തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ട്രാമി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച്
ജനവാസമേഖലകളിലേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും തിരമാലകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് .യക്കുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കടല്‍ത്തിരമാലകളുടെ ഉയരവും കാറ്റിന്റെ വേഗവും റെക്കോര്‍ഡാകുമെന്നാണ് ജപ്പാനില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കു കനത്ത ജാഗ്രതാനിര്‍ദേശവുമുണ്ട്.

ALSO READ: സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയത്; സുപ്രീംകോടതിയെ അധിക്ഷേപിച്ച് കെ.സുധാകരന്‍

രാജ്യത്തെ ഗതാഗത സംവിധാനത്തെ ഇതിനോടകം “ട്രാമി” ബാധിച്ചു കഴിഞ്ഞു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വീസുകളെയെങ്കിലും ബാധിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും സര്‍വീസ് നടത്തുന്നില്ല.

ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിര്‍ദേശിച്ചു.

ALSO READ: ആയുഷ്മാന്‍ ഭാരത് കൊണ്ട് ഒരാളെ ചികിത്സിക്കാന്‍ പോലും പറ്റില്ല, പദ്ധതി മോദിയുടെ പ്രശസ്തി കൂട്ടാനുള്ള ബി.ജെ.പിയുടെ നാടകമെന്ന് കെജ്‌രിവാള്‍

മൂന്നു ലക്ഷം വീടുകളില്‍ നിലവില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത് ട്രാമി ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇതിന്റെ തീവ്രത അനുഭവപ്പെടും.

അതീവശക്തമായാണു കാറ്റ് വീശുന്നത്. മിക്കയിടത്തും ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തിടെ ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ജെബി ചുഴലിക്കാറ്റില്‍ 11 പേരാണു മരിച്ചത്.

അതേസമയം ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയിലും ശക്തമായ ഭൂകമ്പത്തിലും ഇതിനോടകം 500 ഓളം പേര്‍ മരിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more